Asianet News MalayalamAsianet News Malayalam

'ഇത് ഏറ്റവും ദുഖകരമായ കാര്യം, മാന്യന്മാരായി വിലസുന്നത് കുറ്റവാളികൾ, ഭയന്ന് ജീവിക്കുന്നത് ഇരകൾ, സാഹചര്യം മാറണം'

ഇരകൾ കുറ്റവാളികളെ പോലെ ഭയന്ന് ജീവിക്കുന്ന സാഹചര്യം മാറാനായി സർക്കാരും നിയമ സംവിധാനവും പൊലീസും ഒന്നിച്ച് നീങ്ങണമെന്നും ദ്രൗപദി മുർമ്മു ആവശ്യപ്പെട്ടു

Criminals Roam Free, Victims Live In Fear critics from President Droupadi murmu for Women Safety
Author
First Published Sep 1, 2024, 9:36 PM IST | Last Updated Sep 1, 2024, 9:36 PM IST

ദില്ലി: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ അതി രൂക്ഷ വിമർശനവുമായി രാഷ്ട്രപതി ദ്രൗപദി മുർമ്മു രംഗത്ത്. സ്ത്രീകളെ അപമാനിച്ചവർ മാന്യന്മാരായി സമൂഹത്തിൽ വിലസുന്നുവെന്നും ഇത് ഏറ്റവും ദുഖകരമായ കാര്യമാണെന്നും രാഷ്ട്രപതി പറഞ്ഞു. മറുവശത്ത് ഇരകൾ കുറ്റവാളികളെ പോലെ ഭയന്ന് ജീവിക്കുന്നു. ഈ സാഹചര്യം മാറണമെന്നും അതിനായി സർക്കാരും നിയമ സംവിധാനവും പൊലീസും ഒന്നിച്ച് നീങ്ങണമെന്നും ദ്രൗപദി മുർമ്മു ആവശ്യപ്പെട്ടു. പല കേസുകളിലും ഈ സാഹചര്യം കാണുന്നുണ്ടെന്നും ഒരു കേസിലും നീതി വൈകരുതെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ കഴിഞ്ഞ ദിവസവും രാഷ്ട്രപതി വിമർശനവുമായി രംഗത്തെത്തിയിരുന്നു. സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ വേദനിപ്പിക്കുന്നുവെന്ന് പറഞ്ഞ രാഷ്‌ട്രപതി, സത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയിടുമെന്നും കുറ്റവാളികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും പറഞ്ഞിരുന്നു. ഓഗസ്റ്റ് 28 ന് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ ലേഖനത്തിലാണ് രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമത്തെ കടുത്ത ഭാഷയില്‍ രാഷ്ട്രപതി വിമര്‍ശിച്ചത്.

സ്ത്രീകളെ ഉപഭോഗവസ്തുക്കളായി കാണുന്നത് അനുവദിക്കാനാവില്ലെന്നും രാജ്യത്തെ സ്ത്രീകളുടെ ഉയർച്ച തടയുന്നത് അനുവദിക്കാനാവില്ലെന്നും രാഷ്ട്രപതി ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു. കൊൽക്കത്തയിലെ ആർ ജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറർ ക്രൂരമായി കൊലചെയ്യപ്പെട്ടതടക്കമുള്ള സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് ദ്രൗപതി മുർമു പ്രതികരിച്ചത്. സ്ത്രീകൾക്കെതിരെ വൈകൃത ചിന്തയോടെയുള്ള പ്രവണതകൾ തടയണം. സ്ത്രീകളെ കഴിവില്ലാത്തവരായും ബുദ്ധിയും ശക്തിയും ഇല്ലാത്തവരായും ചിലർ കാണുന്നുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ അവസാനിപ്പിക്കണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നും വിമർശനം കടുപ്പിച്ച് രാഷ്ട്രപതി രംഗത്തെത്തിയത്.

സെപ്തംബർ ആദ്യവാരം മഴ തകർക്കും! കേരളത്തിലെ മഴ അറിയിപ്പിൽ മാറ്റം, ഇന്ന് 10 ജില്ലകളിലേക്ക് യെല്ലോ അലർട്ട് നീട്ടി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios