
കോഴിക്കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിത പെരുമാറ്റച്ചട്ടം ഉറപ്പ് വരുത്തുന്നതിനായി നിയോഗിച്ച ജില്ലാ സ്പെഷ്യൽ സ്ക്വാഡ് പ്രിന്‍റിംഗ് പ്രസുകളിൽ മിന്നൽ പരിശോധന തുടരുന്നു. കോർപറേഷൻ പരിധിയിലെ ഏഴ് സ്ഥാപനങ്ങളിൽനിന്ന് പ്രിന്‍റിംഗിനായി എത്തിച്ച 220 മീറ്റർ നിരോധിത വസ്തുക്കൾ പിടിച്ചെടുത്ത് സ്ഥാപന ഉടമകൾക്ക് നോട്ടീസ് നൽകി. പിടിച്ചെടുത്ത വസ്തുക്കൾ കോർപറേഷന് കൈമാറുകയും 10,000 രൂപ വീതം പിഴ ചുമത്താൻ നിർദേശിക്കുകയും ചെയ്തു.
പരിശോധനയിൽ തദ്ദേശ സ്വയംഭരണ വകുപ്പിലെ ഇന്‍റേണൽ വിജിലൻസ് ഓഫീസർ ടി ഷാഹുൽ ഹമീദ്, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ ഒ ജ്യോതിഷ്, കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിജു ജയറാം, ഇ പി ഷൈലേഷ് തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷൻ നിരോധിച്ച വസ്തുക്കൾ പ്രിന്‍റിംഗിന്ഉപയോഗിക്കരുതെന്നും എല്ലാ അസംസ്കൃത വസ്തുക്കൾക്കും ക്യു ആർ കോഡ് ലഭ്യമാക്കണമെന്നും
ഉദ്യോഗസ്ഥർ അറിയിച്ചു. ക്യു ആർ കോഡ് സ്കാൻ ചെയ്താൽ അംഗീകൃത സാക്ഷ്യപത്രം ലഭിക്കണം. നിർദ്ദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
സ്ഥാനാർത്ഥികളോ രാഷ്ട്രീയകക്ഷികളോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഡമ്മി ബാലറ്റ് യൂണിറ്റും ഡമ്മി ബാലറ്റ് പേപ്പറും ഉപയോഗിക്കുമ്പോൾ നിബന്ധനകൾ കർശനമായി പാലിച്ചിരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ നിർദ്ദേശിച്ചു. യഥാർത്ഥ ബാലറ്റ് യൂണിറ്റുകളുടെ പകുതി വലുപ്പത്തിലുള്ളതും തടിയിലോ പ്ലൈവുഡിലോ നിർമ്മിച്ചതുമായ ഡമ്മി ബാലറ്റ് യൂണിറ്റുകൾ ഉപയോഗിക്കാം. എന്നാൽ ഇത് യഥാർത്ഥ ബാലറ്റു യൂണിറ്റുകളുടെ നിറത്തിലാകുവാൻ പാടില്ല.
പ്രചരണത്തിനായി ഡമ്മി ബാലറ്റ് പേപ്പർ അച്ചടിക്കുന്നതിലും തടസമില്ല. എന്നാൽ ഡമ്മി ബാലറ്റ് പേപ്പറിന് വലിപ്പത്തിലും നിറത്തിലും അസ്സൽ ബാലറ്റ് പേപ്പറിനോട് സാമ്യം ഉണ്ടാകാൻ പാടില്ല. പിങ്ക്, വെള്ള, നീല എന്നീ നിറങ്ങളൊഴിച്ച് തവിട്ട്, മഞ്ഞ, പച്ച എന്നിങ്ങനെ ഏതു നിറത്തിലും ഡമ്മി ബാലറ്റ് പേപ്പർ അച്ചടിക്കാം. ഒരു സ്ഥാനാർത്ഥി തനിക്ക് വേണ്ടി ഡമ്മി ബാലറ്റ് പേപ്പർ അച്ചടിക്കുമ്പോൾ അതിൽ മറ്റ് സ്ഥാനാർത്ഥികളുടെ പേരോ ചിഹ്നമോ ഉണ്ടായിരിക്കാൻ പാടില്ല. തന്‍റെ പേര്, ബാലറ്റ് പേപ്പറിൽ എവിടെ വരുന്നുവെന്ന് സൂചിപ്പിക്കാൻ സ്വന്തം പേരും ചിഹ്നവും ഡമ്മി ബാലറ്റ് പേപ്പറിൽ അച്ചടിക്കാം. മുഴുവൻ സ്ഥാനാർത്ഥികളുടേയും ക്രമനമ്പറുകളും ഡമ്മി ബാലറ്റ് പേപ്പറിൽ അച്ചടിക്കാം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam