പൊലീസിനെ കണ്ട് രക്ഷപ്പെടുന്നതിനിടെ കാര്‍ ഓവുചാലില്‍ വീണെങ്കിലും അന്തര്‍ സംസ്ഥാന കുറ്റവാളി രക്ഷപ്പെട്ടു

By Web TeamFirst Published Dec 17, 2022, 4:08 PM IST
Highlights


കര്‍ണ്ണാടകയില്‍ കവര്‍ച്ചാ കേസുകളിലടക്കം നിരവധി കേസുകളില്‍ പ്രതിയായ ഹാഷിം, കാസര്‍കോട്ടേയ്ക്ക് രക്ഷപ്പെട്ട വിവരം കര്‍ണ്ണാടക പൊലീസ് കാസര്‍കോട് പൊലീസിനെ അറിയിക്കുകയായിരുന്നു. 

കാസര്‍കോട്:  രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് ഓവുചാലില്‍ വീണെങ്കിലും പൊലീസിനെ വെട്ടിച്ച് അന്തര്‍ സംസ്ഥാന കുറ്റവാളി രക്ഷപ്പെട്ടു. കാസര്‍കോട് ജില്ലയിലും കര്‍ണ്ണാടകത്തിലുമായി നിരവധി കേസുകളില്‍ പ്രതിയായ പനയാല്‍ പെരിയാട്ടടുക്കയിലെ എ എച്ച് ഹാഷി (41) മാണ് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. 

കര്‍ണ്ണാടകയില്‍ കവര്‍ച്ചാ കേസുകളിലടക്കം നിരവധി കേസുകളില്‍ പ്രതിയായ ഹാഷിം, കാസര്‍കോട്ടേയ്ക്ക് രക്ഷപ്പെട്ട വിവരം കര്‍ണ്ണാടക പൊലീസ് കാസര്‍കോട് പൊലീസിനെ അറിയിക്കുകയായിരുന്നു. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ കാസര്‍കോട് ഇന്‍സ്പെക്ടര്‍ പി.അജിത് കുമാറിന്‍റെ നേതൃത്വത്തില്‍ കാസര്‍കോട് - ചന്ദ്രഗിരി ജംഗ്ഷനില്‍ പരിശോധന ശക്തമാക്കി. ഈ സമയം ഇതുവഴി വരികയായിരുന്ന ഹാഷിമിന്‍റെ വാഹനം കണ്ട് പൊലീസ് വണ്ടി നിര്‍ത്തുന്നതിനായി കൈ കാണിച്ചു. എന്നാല്‍, പൊലീസിനെ കണ്ട ഹാഷിം കാറുമായി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. 

പൊലീസിനെ കണ്ട് ഹാഷിം അമിത വേഗതയില്‍ കാറുമായി രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ പൊലീസും ഇയാളെ ജീപ്പില്‍ പിന്തുടര്‍ന്നു. അമിത വേഗത്തില്‍ പോയ കാര്‍ പുലിക്കുന്ന് റോഡിലൂടെ തളങ്കര സിറാമിക്‌സ് റോഡിലേക്ക് കടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് റോഡരികിലെ ഓവുചാലിലേക്ക് പതിച്ചു. തുടര്‍ന്ന് ജീപ്പ് നിര്‍ത്തി പൊലീസ് കാറിനടുത്തെത്തിയെങ്കിലും കാറില്‍ നിന്നിറങ്ങിയ ഹാഷിം ഓടി രക്ഷപ്പെട്ടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലും ബസ്റ്റാന്‍റുകളിലുമടക്കം പരിശോധന നടത്തിയെങ്കിലും ഹാഷിമിനെ കണ്ടെത്താനായില്ല. ഹാഷിമിനെ കണ്ടെത്താനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി കാസര്‍കോട് പൊലീസ് പറഞ്ഞു. 

കൂടുതല്‍ വായനയ്ക്ക്: തക്കലയിൽ നടുറോഡിൽ ഭാര്യയെ വെട്ടിക്കൊന്നു; ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

 

click me!