അന്തർ സംസ്ഥാന മോഷണസംഘം വേങ്ങരയിൽ എസ്ഐടിയുടെ പിടിയിൽ

By Web TeamFirst Published Aug 15, 2020, 1:37 AM IST
Highlights

അന്തർ സംസ്ഥാന മോഷണ സംഘം പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി.  സംസ്ഥാനത്തിനകത്തും പുറത്തും നിരവധി മോഷണങ്ങൾ നടത്തിവന്ന കുറവാ മോഷണ സംഘമാണ് പിടിയിലായത്

വേങ്ങര: അന്തർ സംസ്ഥാന മോഷണ സംഘം പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി.  സംസ്ഥാനത്തിനകത്തും പുറത്തും നിരവധി മോഷണങ്ങൾ നടത്തിവന്ന കുറവാ മോഷണ സംഘമാണ് പിടിയിലായത്. താനൂർ പനങ്ങാട്ടൂരിൽ തയ്യിൽ പറമ്പിൽ വീട്ടിൽ മഞ്ചുനാഥൻ (42) ഇയാളുടെ ഭാര്യ പാഞ്ചാലി(35), താനാളുർ വട്ടത്തണ്ണി വേങ്ങ പറമ്പ് വീട്ടിൽ സുദർശൻ(24), തമിഴ്‌നാട് പോണ്ടിച്ചേരി സ്വദേശി വിജയകാന്ത് (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ആറിന് വേങ്ങരയിലെ പെട്രോൾ പമ്പിൽ നടന്ന മോഷണത്തിൽ മൂന്ന് ലക്ഷം രൂപയും ഒമ്പതിന്
ചേളാരിയിലെ പെട്രോൾ പമ്പിൽ നടന്ന മോഷണത്തിൽ ഏഴ് ലക്ഷം രൂപയും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടിരുന്നു. തുടർന്ന് തുടർച്ചയായി നടന്ന പെട്രോൾ പമ്പ് മോഷണത്തെ തുടർന്ന് അന്വോഷണത്തിനായി ജില്ലാ പോലീസ് മേധാവി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. 

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്ത്രീയടക്കമുള്ള കുറവാ സംഘത്തെ പിടികൂടിയത്.  ചോദ്യം ചെയ്യലിൽ ഫറൂക്ക് മണ്ണൂർ വളവിലെ മൊബൈൽ കട കുത്തിതുറന്ന് ഇരുപതോളം മൊബൈൽ ഫോണുകളും മൊബൈൽ ഉപകരണങ്ങളുമടക്കം ഒന്നര ലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം നടത്തിയതും  നല്ലളം ഭാഗത്തു നിന്നും ബൈക്ക് മോഷ്ടിച്ച സംഭവത്തിനും തുമ്പായിട്ടുണ്ട്. 

ഇവരിൽ നിന്നും മോഷ്ടിച്ച മൊബൈൽ ഫോണുകളും പണവും കണ്ടെടുത്തു. മോഷ്ടിച്ച പണം ഉപയോഗിച്ച് രണ്ട് ദിവസം മുമ്പ് ഇവർ ഒരു ഓട്ടോറിക്ഷ വാങ്ങിയിട്ടുണ്ട്. ഈ ഓട്ടോറിക്ഷയും പിടിച്ചെടുത്തു. മോഷ്ടിച്ച പണം എവിടെയാണെന്ന് പറയാൻ  പ്രതി മഞ്ചുനാഥ് വിസമ്മതിച്ചെങ്കിലും  ഇയാൾ താമസിച്ചിരുന്ന വാടക വീടിന്റെ പിറകിൽ നിന്നും  പ്ലാസ്റ്റിക്ക് കവറിലാക്കി  മണ്ണിൽ  കുഴിച്ചിട്ട  നിലയിൽ പണം കണ്ടെത്തുകയായിരുന്നു. 

നിരവധി മോഷണ കേസുകളിൽ പിടിയിലായ മഞ്ചുനാഥും ഭാര്യയും കഴിഞ്ഞ മാർച്ചിലാണ് കോട്ടക്കലിലെ   ഒരു ഡോക്ടറുടെ വീടും, കാടാമ്പുഴയിൽ ഒരു വീടും പൊളിച്ച് സ്വർണ്ണാഭരണങ്ങൾ മോഷണം നടത്തിയ സംഭവത്തിൽ പിടിയിലായി ജാമ്യത്തിൽ ഇറങ്ങിയത്. പിടിയിലായ  മഞ്ചുനാഥിന്റെ പേരിൽ ഇരുപതോളം മോഷണക്കേകസുകളുണ്ട്. 

സുദർശനൻ ട്രെയിനുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിൽ ഉൾപ്പെട്ട ആളാണ്. ഇയാളെ കോഴിക്കോട് റെയിൽവേ പോലീസ് മോഷണക്കേസിൽ അറസ്റ്റ് ചെയ്ത് കഴിഞ്ഞ മാർച്ചിലാണ് ജാമ്യത്തിൽ ഇറങ്ങിയത്. ജയിലിൽ വച്ചുള്ള പരിചയമാണ് പുതിയ കൂട്ടുകെട്ടിലേക്ക് എത്തിയത്. ഇവരെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

click me!