ഇന്നലെ വൈകിട്ട് വീട്ടിൽ എത്തിയ ബാങ്ക് ഉദ്യോഗസ്ഥർ ജിഷയുടെ പ്രായമായ അച്ഛനെയും അമ്മയെയും രണ്ട് വയസ്സ് മാത്രം പ്രായമായ ഉള്ള കുട്ടികളെയും പുറത്താക്കി വീട് പൂട്ടി. രാത്രി മുഴുവൻ വീടിന് പുറത്തു നിർത്തി.

കൊല്ലം: പശുവളർത്താൻ വായ്പയെടുത്ത കുടുംബത്തെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് വീട്ടിൽ നിന്നും പുറത്താക്കിയ ശേഷം വീടും പറമ്പും ജപ്തി ചെയ്ത് ബാങ്കിന്റെ നടപടി. പെരുവഴിയിലായ വീട്ടുകാരെ പൂട്ട് പൊളിച്ച് തിരികെ താമസിപ്പിച്ച് ഇടത് യുവജന പ്രസ്ഥാനമായ എ.ഐ.വൈ.എഫ് പ്രവർത്തകർ. അഞ്ചൽ പഞ്ചായത്തിലെ കാച്ചാണിയിലാണ് കേരള ബാങ്കിന്റെ നടപടി. 2018 ലാണ് പശുവളർത്തുന്നതിന് അഞ്ചൽ കാച്ചാണി നിഷാ ഭവനിൽ ജിഷ 10 ലക്ഷം രൂപ ലോൺ എടുത്തത്. തമിഴ്നാട്ടിൽ നിന്ന് 10 പശുക്കളെ വാങ്ങിയെങ്കിലും ഇവ രോഗം ബാധിച്ച് ചത്തു. വരുമാനം മുടങ്ങിയതോടെ തിരിച്ചടവ് മുടങ്ങി. ഇതോടെ ബാങ്ക് കുടുംബത്തിനെതിരെ ജപ്തി നടപടികളുമായി മുന്നോട്ടുപോവുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഇന്നലെ വൈകിട്ട് വീട്ടിൽ എത്തിയ ബാങ്ക് ഉദ്യോഗസ്ഥർ ജിഷയുടെ പ്രായമായ അച്ഛനെയും അമ്മയെയും രണ്ട് വയസ്സ് മാത്രം പ്രായമായ ഉള്ള കുട്ടികളെയും പുറത്താക്കി വീട് പൂട്ടി. രാത്രി മുഴുവൻ വീടിന് പുറത്തു നിർത്തി. ഉദ്യോഗസ്ഥരുടെ ക്രൂരമായ നടപടി പി.എസ് സുപാൽ എം എൽ എ യുടെ ശ്രദ്ധയിൽപെട്ടു. വീട്ടുകാരുമായി എംഎൽഎ ഫോണിൽ സംസാരിച്ച ശേഷം ബാങ്ക് അധികൃതരുമായും മുഖ്യമന്ത്രിയുമായും സംസാരിച്ചു. ജപ്തി ഒഴിവാക്കാൻ വേണ്ട നടപടി സ്വീകരിക്കാം എന്ന് ഉറപ്പ് നൽകി. വീട് തുറന്നു നൽകാൻ ബാങ്ക് അധികൃതർ തയ്യാറാകാതിരുന്നതോടെ ഐഐവൈഎഫ് പ്രവർത്തകർ വീടിൻ്റെ പൂട്ട് പൊളിച്ചു വീട്ടുകാരെ വീടിനുള്ളിൽ കയറ്റി താമസിപ്പിക്കുകയുമായിരുന്നു.

ജപ്തി ഉൾപ്പെടെ ഉള്ള നടപടികളിലൂടെ പാവപെട്ട മനുഷ്യരെ വീട്ടിൽ നിന്ന് ഇറക്കാൻ പാടില്ല എന്ന സർക്കാരിന്റെ തീരുമാനതിനെതിരായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് എതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് ഐഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം വൈശാഖ് സി . ദാസ്, സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി അരുൺചന്ദ്രശേഖർ, ഐഐവൈഎഫ് മേഖല പ്രസിഡന്റ് അജിത്ത്, മൊയ്‌ദു അഞ്ചൽ എന്നിവർ പറഞ്ഞു. ഗ്രാമ പഞ്ചായത്ത്‌ അംഗം സിന്ധുവിന്റെ സാന്നിധ്യത്തിൽ ആണ് പൂട്ട് പൊളിച്ചത്.