വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ചോര്‍ത്താനുള്ള ശ്രമം പൊളിഞ്ഞു; 'ഇന്റേണ്‍ഷിപ് പ്ലെഡ്ജ് സെറിമണി' ഉപേക്ഷിച്ചു

By Web TeamFirst Published Jan 24, 2019, 12:28 AM IST
Highlights

കേരളത്തിലെ കോളജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍ഡസ്ട്രികളില്‍ ഇന്റേണ്‍ഷിപ്പ് തരപ്പെടുത്തികൊടുക്കുവാന്‍ സ്വകാര്യ സ്ഥാപനത്തിനെ ഏല്‍പ്പിക്കുന്നതിനു വേണ്ടിയാണ് ഇന്റേണ്‍ഷിപ് പ്ലെഡ്ജ് സെറിമണി ഒരുക്കിയത്.

തൃശൂര്‍: ഇന്റേണ്‍ഷിപ്പുവഴി വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ വന്‍കിട കമ്പനികള്‍ക്ക് ചോര്‍ത്തിക്കൊടുക്കാനുള്ള സ്വകാര്യ കമ്പനിയുടെ നീക്കം പൊളിഞ്ഞു. ഇതു സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ നൽകിയ റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉന്നത വിദ്യഭ്യാസ വകുപ്പ് വ്യാഴാഴ്ച തിരുവനന്തപുരത്ത് നടത്താൻ നിശ്ചയിച്ച 'ഗ്രാന്റ് കേരള ഇന്റേണ്‍ഷിപ് പ്ലെഡ്ജ് സെറിമണി' ഉപേക്ഷിച്ചു. വാർത്ത അറിഞ്ഞയുടൻ മന്ത്രി കെ.ടി ജലീലിൻറെ നിർദ്ദേശപ്രകാരം രാത്രി തന്നെ പരിപാടി ഉപേക്ഷിച്ചതായി ക്ഷണിതാക്കൾക്ക്  സന്ദേശം കൈമാറുകയായിരുന്നു. 

സംസ്ഥാനത്തെ 500 ഓളം സാങ്കേതിക വിദ്യഭ്യാസ സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഏജൻസിയുടെ ഉന്നതരുമായിരുന്നു പങ്കെടുക്കേണ്ടിയിരുന്നത്. ഒപ്പം വിദ്യാർത്ഥി പ്രതിനിധികൾക്കും ക്ഷണമുണ്ടായിരുന്നു. കേരളത്തിലെ കോളജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍ഡസ്ട്രികളില്‍ ഇന്റേണ്‍ഷിപ്പ് തരപ്പെടുത്തികൊടുക്കുവാന്‍ സ്വകാര്യ സ്ഥാപനത്തിനെ ഏല്‍പ്പിക്കുന്നതിനു വേണ്ടിയാണ് ഇന്റേണ്‍ഷിപ് പ്ലെഡ്ജ് സെറിമണി ഒരുക്കിയത്. 

വകുപ്പ് മന്ത്രി കെ.ടി ജലീല്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഉഷ ടൈറ്റസ് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഇത്. വര്‍ഷങ്ങള്‍ മാത്രം പ്രവര്‍ത്തന പരിചയമുള്ള സ്വകാര്യ സ്റ്റാര്‍ട്ടപ് സ്ഥാപനത്തിന് വിദ്യാര്‍ത്ഥികള്‍ക്കും ഇന്‍ഡസ്ട്രികള്‍ക്കും ഇടയില്‍ ഇടനിലക്കാരാക്കി നിര്‍ത്തുന്നത് ഇന്‍ഡസ്ട്രി കളില്‍നിന്നും കമ്മീഷന്‍ വാങ്ങി പണം സമ്പാദിക്കാനാണെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ ആരോപണം.  

കേരളത്തിലെ കോളജുകളിലെ വര്‍ഷാവര്‍ഷം പുറത്തിറങ്ങുന്ന അഭ്യസ്തവിദ്യരായ വിദ്യാര്‍ത്ഥികളടങ്ങിയ ഒരു ലൈവ് വെബ് പോര്‍ട്ടല്‍ തയ്യാറാക്കുകയായിരുന്നു ഇടനിലക്കാരുടെ ലക്ഷ്യം. ഇവ കോടികള്‍ വാങ്ങി ലോകത്തെ വമ്പന്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ വിൽക്കാൻ പദ്ധതി ഉപയോഗപ്പെടുത്തുമെന്നായിരുന്നു ആക്ഷേപം. പരിപാടി ഉപേക്ഷിച്ചതോടെ വിദ്യാർത്ഥികളിലും രക്ഷിതാക്കളിലുമുണ്ടായ ആശങ്കയ്ക്ക് അറുതിയായി.

click me!