
തിരുവനന്തപുരം: ഫോർട്ട് പൊലീസ് സബ്ബ് ഡിവിഷൻ പരിധിയിൽ വിവിധ പ്രദേശങ്ങളിൽ നിന്നായി കഴിഞ്ഞ കുറച്ചു നാളുകളായി നഷ്ടപ്പെട്ട 65 ഓളം മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് തിരികെ നൽകി. വിപണിയിൽ ഏകദേശം 23 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഐഫോൺ, ഗൂഗിൾ, സാംസങ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ വിലകൂടിയ മോഡലുകളാണ് പൊലീസ് വിവിധയിടങ്ങളിൽ നിന്ന് വീണ്ടെടുത്തത്.
തമ്പാനൂർ, ഫോർട്ട്, കരമന, കോവളം, നേമം എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്ന് ഫോണുകൾ നഷ്ടപ്പെട്ടതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. കമ്മീഷണറുടെ നേതൃത്വത്തിൽ ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണർ മനോജ് കുമാറിന്‍റെ നിർദ്ദേശപ്രകാരമാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിച്ചത്. കേന്ദ്ര സർക്കാരിന്‍റെ സിഇഐആർ പോർട്ടൽ മുഖേന നഷ്ടപ്പെട്ട ഫോണുകളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്ത്, അതിന്‍റെ സാങ്കേതിക സഹായത്തോടെയാണ് അന്വേഷണം നടത്തിയത്.
കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി സൈബർ സെല്ലിന്‍റെ സഹായത്തോടെ ഫോണുകളുടെ ഐഎംഇഐ നമ്പറും ലൊക്കേഷനും ട്രേസ് ചെയ്താണ് ഇവ കണ്ടെത്തിയത്. വിവിധ സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാരായ ജയകൃഷ്ണൻ, വിനോദ് കുമാർ, ജോസഫ് ലിയോൺ, അരുൺ കുമാർ, അജിത്ത് കുമാർ എന്നിവരും പോലീസ് ഉദ്യോഗസ്ഥരായ എസ്.സി.പി.ഒ. ശ്രീജിത്ത്, സി.പി.ഒമാരായ വിവേക്, ശരത്ത്, അനുരാജ്, അനു എസ്. കൃഷ്ണ എന്നിവരടങ്ങിയ സംഘവുമാണ് ഫോണുകൾ കണ്ടെടുത്തത്. മോഷ്ടിച്ച് വിൽപന നടത്തിയതുൾപ്പടെ ഫോണുകളാണ് തിരികെ ലഭിച്ചത്. മൊബൈൽ ഫോണുകൾ സിറ്റി പൊലീസ് കമ്മീഷ്ണർ കെ. കാർത്തിക് പൊലീസ് ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ ഉടമസ്ഥർക്ക് കൈമാറി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam