
തൃശൂർ: കുന്നംകുളം നഗരസഭ ഓഫീസിനോട് ചേർന്ന് ഗുരുവായൂർ റോഡിലേക്ക് പ്രവേശിക്കുന്ന റോഡിൽ വലിയ വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെടുത്തുന്നതിന് വേണ്ടി സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് കവാടം അപകടാവസ്ഥയിൽ. ട്രാഫിക് നിയമങ്ങൾ ലംഘിച്ച് ഈ റോഡിലൂടെ ഗുരുവായൂർ റോഡിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനായി രണ്ടര വർഷങ്ങൾക്കു മുൻപാണ് നഗരസഭാ ചിലവിൽ ഏകദേശം രണ്ട് ലക്ഷം രൂപയോളം ചിലവഴിച്ച കവാടം സ്ഥാപിച്ചത്.
കവാടം സ്ഥാപിച്ചതിന് തൊട്ടടുത്ത ദിവസം തന്നെ അനധികൃതമായി ഇതിലൂടെ പ്രവേശിക്കാൻ ശ്രമിച്ച കണ്ടെയ്നർ ലോറി കവാടത്തിൽ ഇടിക്കുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. നിരവധി തവണ അനധികൃതമായി ഇതിലൂടെ പ്രവേശിക്കാൻ ശ്രമിക്കുന്ന വാഹനങ്ങൾ ഈ കവാടത്തിൽ ഇടിക്കുക പതിവാണ്.
ആദ്യം രണ്ടുതവണ വാഹനങ്ങൾ ഇടിച്ചപ്പോൾ നഗരസഭയിൽ നിന്ന് ഇടപെട്ട് ഇത് നന്നാക്കിയെങ്കിലും പിന്നീട് ഇടിക്കുമ്പോൾ യാതൊരു നടപടികളും കൈക്കൊള്ളുന്നില്ല. വിഷയം നഗരസഭ കൗൺസിലിൽ കൗൺസിലർ ലെബീബ് ഹസ്സൻ ഉന്നയിച്ചപ്പോൾ ഇടിച്ച വാഹനത്തെക്കുറിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നായിരുന്നു ചെയർപേഴ്സന്റെ മറുപടി.
കവാടം അശാസ്ത്രീയമാണെന്ന് കാണിച്ച് നഗരസഭ ചെയർപേഴ്സനും സെക്രട്ടറിക്കും കൗൺസിലർ ലെബീബ് ഹസ്സൻ കത്ത് നൽകിയിരുന്നു. ഇപ്പോൾ ഒരു വശത്തെ കോൺഗ്രീറ്റ് കാലും മുകൾവശത്തെ ഭാരമേറിയ ഇരുമ്പ് കവാടവും അതീവ അപകടാവസ്ഥയിലാണ്. ഇനിയൊരു വാഹനം ഇതിൽ ഇടിക്കാൻ സാഹചര്യം ഉണ്ടായാൽ ഇത് പൂർണ്ണമായും നിലം പതിക്കുന്ന അവസ്ഥയിലാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam