
കോഴിക്കോട്: കുറ്റ്യാടിയില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ലഹരി മരുന്നുകള്‍ നല്‍കി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്. കേസില്‍ കുറ്റാരോപിതനായ അടുക്കത്ത് സ്വദേശി അജ്‌നാസിനെ കണ്ടെത്താനാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്. കുറ്റ്യാടി സ്വദേശി തന്നെയായ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ നല്‍കി ഇയാള്‍ തന്നെ നിരവധി തവണ പീഡനത്തിന് ഇരയാക്കിയെന്നും തന്റെ സുഹൃത്തുക്കളെയും ഇയാള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും കുട്ടി മൊഴി നൽകിയിട്ടുള്ളത്. കുറ്റ്യാടിയില്‍ ബെക്കാം എന്ന പേരില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്നയാളാണ് അജ്‌നാസ്. ഇയാളില്‍ നിന്ന് സമാന അനുഭവങ്ങള്‍ ഉണ്ടായതായി പ്രദേശവാസിയായ പത്തൊമ്പതുകാരനും വെളിപ്പെടുത്തിയിട്ടുണ്ട്.
വീട്ടുകാര്‍ ഉറങ്ങിയ ശേഷം കുട്ടികളെ ഫോണില്‍ വിളിച്ച് വീടിന് പുറത്തിറക്കുകയും പിന്നീട് കാറില്‍ പ്രതിയുടെ വീട്ടില്‍ എത്തിച്ച് ഇവിടെ വച്ച് മയക്കുമരുന്ന് നല്‍കുന്നതുമാണ് അജ്‌നാസിന്റെ രീതി. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതിനും മയക്കുമരുന്ന് നല്‍കിയതിനുമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം