
കൊച്ചി : ആഴം കൂട്ടാൻ എടുക്കുന്ന ചെളി കായലിന്‍റെ അതേ ഭാഗത്ത് തന്നെ നിക്ഷേപിച്ച് കൊച്ചി കായലിൽ ജലസേചന വകുപ്പിന്റെ തലതിരിഞ്ഞ ഡ്രെഡ്ജിംഗ് . വാട്ടർ മെട്രോയ്ക്കായടക്കം തയ്യാറാക്കിയ ജലപാതകളെ താറുമാറാക്കിയും അധിക സാന്പത്തിക ബാധ്യത വരുത്തിയുമാണ് അശാസ്ത്രീയ ഡ്രെഡ്ജിംഗ് തുടരുന്നത്. മറൈൻ ഡ്രൈവിൽ അടുത്തയാഴ്ച ഡിടിപിസി നടത്തുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിനായാണ് കൊച്ചി കായലിലെ ചെളി കോരുന്നത്.
ഗോശ്രീ പാലം മുതൽ മറൈൻ ഡ്രൈവിലെ കെഎസ്ഐഎൻസി ജെട്ടി വരെയാണ് ജലമേളയുടെ ട്രാക്ക്. ഇതിനായി കായലിലെ ചെളി കോരിമാറ്റി നാല്പത് മീറ്റർ വീതിയിൽ ട്രാക്കൊരുക്കുന്നു.എന്നാൽ നടക്കുന്ന ഡ്രെഡ്ജിംഗ് തീര്‍ത്തും അശാസ്ത്രീയം. കായലിൽ നിന്നെടുക്കുന്ന ചെളി കായലിന്‍റെ ഒരു ഭാഗത്ത് തന്നെ നിക്ഷേപിക്കുന്നു. ഫലമോ ദിവസങ്ങൾക്കുള്ളിലെ വേലിയിറക്കം കൊണ്ട് ചെളി പഴയപടിയാകുമെന്ന് ഉറപ്പ്
വാട്ടർ മെട്രോയുടെയും കെഎസ്ഐഎൻസി ബോട്ടുകളുടെയും സഞ്ചാരപാതയിലാകും ഈ ചെളിവന്ന് മൂടുക.ഈ അശാസ്ത്രീയത മാസങ്ങൾക്കുള്ളിൽ വരുത്തി വയ്ക്കുന്ന അധിക ചെലവ് എന്താണെന്ന് കൂടി അറിയണം. ഡ്രെഡ്ജിംഗ് നടക്കുന്ന കായലിലെ ഒരു ഭാഗത്ത് ഒരു കോടി രൂപ മുടക്കിയാണ് വാട്ടർമെട്രോ ജലപാതയൊരുക്കിയത്.ഹൈക്കോട്ട് ജെട്ടി,ബോൾഗാട്ടി തുടങ്ങി വൈപ്പിനിലേക്കുള്ള സർവ്വീസിനായും നാല് മാസം മുൻപ് നിശ്ചിത ആഴത്തിൽ ജലപാത തയ്യാറാക്കി. ഈ പാതയിലെ കുറഞ്ഞത് ഇരുപത് ശതമാനം ഭാഗത്തെങ്കിലും ചെളി വന്ന് മൂടിയാൽ ചെലവാകുക ഇരുപത് ലക്ഷം രൂപ.
നീക്കം ചെയ്യുന്ന ചെളി പോർട്ട് അതോറിറ്റിയെ അറിയിച്ച് ഉൾക്കടലിൽ നിക്ഷേപിക്കണമെന്നാണ് ചട്ടം.എന്നാൽ സർക്കാർ വകുപ്പ് തന്നെ ആലോചന കൂടാതെ നടത്തുന്ന പ്രവൃത്തി സർക്കാരിന് തന്നെ വീണ്ടും പാഴ്ചെലവ് വരുത്തുന്നു .വിഷയം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല ഭരണകൂടത്തിന് കത്തയക്കുമെന്ന് കെഎംആർഎൽ പ്രതികരിച്ചു. ഫണ്ട് ഇല്ലാത്തതിനാൽ ഈ രീതിയിലെ ഡ്രെഡ്ജിംഗ് നടക്കൂ എന്നാണ് ജലസേചന വകുപ്പിന്‍റെ മറുപടി.
ബംഗാൾ ഉൾക്കടലിൽ ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകാൻ സാധ്യത