
മലപ്പുറം: ജപ്പാൻ ജ്വരം പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'ജൻവാക്' വാക്സിനേഷൻ ക്യാമ്പെയ്ൻ ജനുവരിയിൽ തുടങ്ങും. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കുട്ടികൾക്ക് വാക്സീനേഷൻ നൽകും. ആദ്യ ഘട്ടത്തിൽ സ്‌കൂളുകൾ കേന്ദ്രീകരിച്ചും, മാർച്ച് മാസത്തോടെ അങ്കണവാടികൾ കേന്ദ്രീകരിച്ചുമാണ് വാക്സീൻ നൽകുക. മലപ്പുറം ജില്ലയില്‍ 14.79 ലക്ഷം കുട്ടികള്‍ക്കാണ് കുത്തിവെയ്‌പ്പെടുക്കേണ്ടത്.
15 വയസിന് താഴെയുളള കുട്ടികള്‍ക്കാണ് സൗജന്യമായി വാക്‌സീൻ ലഭ്യമാക്കുന്നത്. ജനുവരി മുതല്‍ സ്‌കൂളുകൾ വഴിയും മാർച്ചില്‍ അങ്കണവാടികൾ വഴിയും കുത്തിവെപ്പ് നൽകും. മലപ്പുറം ജില്ലാ ആരോഗ്യ വകുപ്പിന്റെ കണക്ക് അനുസരിച്ച് ഒന്ന് മുതല്‍ അഞ്ച് വയസ് വരെയുള്ള 3.47 ലക്ഷം കുട്ടികളാണ് കുത്തിവെയ്‌പ്പെടുക്കേണ്ടത്. കൂടാതെ, ആറ് മുതല്‍ 10 വയസ് വരെയുള്ള 3.58 ലക്ഷം കുട്ടികളും 11 മുതല്‍ 15 വരെയുള്ള 7.73 ലക്ഷം കുട്ടികളും കുത്തിവെയ്‌പ്പെടുക്കണം. ജില്ലയില്‍ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 126 ജപ്പാൻ ജ്വരം കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 27 പേർ മരിച്ചിരുന്നു. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോർട്ട് ചെയ്തത് ഈ വർഷമാണ്, 77 എണ്ണം. ആറ് പേർ മരിക്കുകയും ചെയ്തു. ഏറ്റവും കുറവ് കേസുകള്‍ 2021ലാണ്. 2021ല്‍ ഒരാള്‍ക്ക് മാത്രമാണ് ജപ്പാൻ ജ്വരം റിപ്പോർട്ട് ചെയ്തത്. ഈ കുട്ടിയുടെ ജീവൻ രക്ഷിക്കാനായിരുന്നില്ല.
കൊതുകുകൾ പടർത്തുന്ന, തലച്ചോറിനെ ബാധിക്കുന്ന ഗുരുതര വൈറസ് രോഗമാണ് ജപ്പാൻ ജ്വരം. പ്രധാനമായും കുട്ടികളെ ബാധിക്കുന്ന രോഗം പിടിപെട്ടാൽ ഫലപ്രദമായ ചികിത്സ ലഭ്യമല്ല. കടുത്ത പനി, തലവേദന, ഛർദി, സ്വഭാവ വ്യത്യാസം, അപസ്മാര ലക്ഷണങ്ങൾ, തളർച്ച, അബോധാവസ്ഥ തുടങ്ങിയ ലക്ഷണങ്ങൾ രോഗികൾ പ്രകടിപ്പിക്കും. മലിനജലത്തിൽ മുട്ടയിട്ട് വളരുന്ന ക്യുലക്‌സ് കൊതുകുകൾ വഴിയാണ് രോഗം മനുഷ്യരിൽ എത്തുന്നത്. പന്നി, കന്നുകാലികൾ, ചില ദേശാടന പക്ഷികൾ എന്നിവയിൽ നിന്നാണ് രോഗാണു കൊതുകുകളിൽ എത്തുന്നത്. രോഗം ബാധിച്ച 100 പേരിൽ 30 പേരെങ്കിലും മരിക്കുന്നതായാണ് കണക്ക്. 30 ശതമാനം പേർക്ക് ജീവിതകാലം മുഴുവൻ വൈകല്യങ്ങളുമായി ജീവിക്കേണ്ടതായും വരുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam