6 മാസത്തിനകം ഹൃദയം മാറ്റിവെക്കണം. അതിന് 12 ലക്ഷം രൂപ വേണം. തയ്യല്‍ ജോലിയിലൂടെ അശ്വതിക്ക് കിട്ടുന്ന തുശ്ചമായ തുക മക്കള്‍ക്ക് മരുന്ന് വാങ്ങാന്‍ പോലും തികയുന്നില്ല.
കൊല്ലം:കളിച്ചും പഠിച്ചും നടക്കേണ്ട പ്രായത്തില്‍ രോഗക്കിടക്കയില്‍ ജീവന് വേണ്ടി പോരാടുകയാണ് 10 വയസുകാരി ദിയ. മകളുടെ ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വേണ്ട 12 ലക്ഷം രൂപ കണ്ടെത്താന്‍ പരക്കം പായുകയാണ് കൊല്ലം കുണ്ടറ സ്വദേശിനി അശ്വതി. മൂന്ന് പെണ്‍മക്കളില്‍ രണ്ട് പേരെ ബാധിച്ച ഹൃദ്രോഗം ഒരു കുടുംബത്തിന്‍റെ ചിരിയാണ് മായ്ച്ചത്. മൂന്ന് കുരുന്നുകള്‍ ഉള്ള കുഞ്ഞുവീട്ടില്‍ ചിരിയൊച്ച കേള്‍ക്കാറില്ല. 4 വയസുകാരി ദയക്കൊപ്പം കളിക്കാന്‍ പാവകള്‍ മാത്രമാണുള്ളത്. കുഞ്ഞനുജത്തിയെ സന്തോഷത്തോടെ ലാളിക്കാന്‍ ചേച്ചിമാര്‍ക്ക് കഴിയുന്നില്ല. 10 വയസുള്ള ഇരട്ടക്കുട്ടികളില്‍ ദിയയുടെ ലോകം ഇന്നീ കിടക്കയിലാണ്. റെസ്ട്രിക്ടീവ് കാര്‍ഡിയോ മയോപതി എന്ന രോഗം ദിയയെ തളര്‍ത്തിയിട്ട് മൂന്ന് വര്‍ഷമായി. സഹോദരി ദിവ്യയിലും 1 വര്‍ഷം മുന്‍പ് ഇതേ രോഗം കണ്ടെത്തിയിട്ടുണ്ട്. ദിയയുടെ ആരോഗ്യ നില വഷളായി വരികയാണ്. 6 മാസത്തിനകം ഹൃദയം മാറ്റിവെക്കണം. അതിന് 12 ലക്ഷം രൂപ വേണം. തയ്യല്‍ ജോലിയിലൂടെ അശ്വതിക്ക് കിട്ടുന്ന തുശ്ചമായ തുക മക്കള്‍ക്ക് മരുന്ന് വാങ്ങാന്‍ പോലും തികയുന്നില്ല. അശ്വതിയുടെ അച്ഛന്‍ ഓട്ടോ ഓടിച്ച് കിട്ടുന്ന വരുമാനം കൊണ്ട് വീട്ടുവാടകയും ചെലവും കഴിക്കണം. പറക്കമുറ്റാത്ത മൂന്ന് പെണ്‍മക്കളുമായി ഉത്തരമില്ലാതെ നില്‍ക്കുകയാണ് ഈ അമ്മ.
ദിവ്യയുടെ കൈപിടിച്ച് പഠിക്കാന്‍ പോകുന്ന കുഞ്ഞുമകള്‍ ദയ അമ്മയോട് ചോദിക്കും. എന്താ ചേച്ചിയെ മാത്രം പഠിക്കാന്‍ വിടാത്തതെന്ന്. മക്കള്‍ കാണാതിരിക്കാന്‍ അശ്വതി കരച്ചിലടക്കും. തിരുവനന്തപുരം കിംസ് ആശുപത്രിയിലാണ് ശസ്ത്രക്രിയ. തുക കണ്ടെത്തിയാല്‍ വൈകാതെ നടക്കും. ഇനിയും നീളരുതെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. പ്രത്യാശയുടെ ക്രിസ്തുമസ് നാളില്‍ ദിയയുടെ വീടിന് മുന്നിലും ഒരു പുല്‍ക്കൂട് ഒരുങ്ങി. പക്ഷേ സന്തോഷത്തിന്‍റെ പ്രകാശമില്ല. സുമനസുകള്‍ ഒരുമിച്ചാല്‍ നാളെ അവളുടെ ചിരി ഇവിടെ വെളിച്ചം നിറയ്ക്കും.
BANK ACC.DETAILS
ASWATHY.S
CANARA BANK
ACC NO: 3582101009200
IFSC: CNRB0003582
Gpay: 9188676330


