
സുല്‍ത്താന്‍ ബത്തേരി: വയനാടന്‍ കാടുകളില്‍ ഞാവല്‍ പഴം സുലഭം, വഴിയോരത്ത് വില്‍പനയും സജീവം. തൊഴില്‍ ലഭ്യത കുറവുള്ള മെയ്, ജൂണ്‍ മാസങ്ങളിലെ ക്ലേശത്തിന് ഒരു പരിധി വരെ അറുതി വരുത്താനാണ് ഗോത്ര വര്‍ഗ വിഭാഗക്കാരായ കുട്ടികള്‍ റോഡ് സൈഡുകളില്‍ ഞാവല്‍ വില്‍പനയുമായി എത്തുന്നത്. മെയ്, ജൂണ്‍ മാസങ്ങളിലാണ് വയനാടന്‍ കാടുകളില്‍ ഞാവല്‍ പഴക്കാലം. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ കാടുകളില്‍ ഞാവല്‍ കുറവായിരുന്നു. ഗോത്ര വിഭാഗങ്ങളായ കാട്ടുനായ്ക്കരും പണിയരുമാണ് കാട്ടില്‍ പോയി ഞാവല്‍പ്പഴങ്ങള്‍ ശേഖരിച്ച് വരുന്നത്.
സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബങ്ങളോ അല്ലെങ്കില്‍ യുവാക്കളുടെ ചെറിയ സംഘങ്ങളായോ ആണ് ഞാവല്‍പ്പഴം പറിച്ചെടുക്കാന്‍ കാട്ടിലേക്ക് പോകുന്നത്. രണ്ടോ മൂന്നോ പേര്‍ മരങ്ങളില്‍ കയറുമ്പോള്‍ ബാക്കിയുള്ളവര്‍ താഴെ പ്ലാസ്റ്റിക് ഷീറ്റും മറ്റും വിരിച്ച് പഴങ്ങള്‍ കേട് കൂടാതെ ശേഖരിക്കും. പിന്നീട് ഇവ വലിയ പാത്രങ്ങളിലാക്കി വീടുകളിലെത്തിച്ച് വില്‍പ്പനക്കായി തയ്യാറാക്കും. ഒരു കവര്‍ പഴത്തിന് അമ്പത് രൂപയാണ് ഇവര്‍ ഈടാക്കുന്നത്. ഇത് തന്നെ കുറക്കാമോയെന്ന് ആളുകള്‍ ചോദിക്കുന്നുണ്ടെന്നാണ് ഞാവല്‍ പഴങ്ങളുമായി വില്‍പനയ്ക്കെത്തുന്നവര്‍ പറയുന്നത്. സംസ്ഥാനത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ ഞാവല്‍ പഴത്തിന് 150 രൂപ വരെ ഈടാക്കുമ്പോഴാണ് അമ്പത് രൂപയില്‍ കുറവ് വേണമെന്ന ആവശ്യവുമായി ആളുകള്‍ വരുന്നതെന്നാണ് ഇവരുടെ പരാതി. വന്യമൃഗങ്ങളുടെ ആക്രമണം അതിജീവിച്ച് വലിയ മരങ്ങളില്‍ കയറി ഞാവല്‍ പഴങ്ങള്‍ പറിച്ചെടുക്കാനുള്ള പ്രയാസം അറിയുന്നവര്‍ വില പേശാന്‍ നില്‍ക്കാറില്ലെന്നും വില്‍പ്പനക്കാരായ കുട്ടികള്‍ കൂട്ടിച്ചേര്‍ക്കുന്നു.
പ്രധാനമായും രണ്ടുതരത്തിലുള്ള ഞാവല്‍പ്പഴങ്ങളാണ് വയനാടന്‍ കാടുകളിലുള്ളത്. വലിപ്പമുള്ളതും മാംസളമായതുമായ നീര്‍ ഞാവലാണ് ആദ്യത്തേത്. ചെറിയതും നല്ല മധുരമുള്ളതുമായ കാര്‍ ഞാവലാണ് രണ്ടാമത്തെ ഇനം. കാര്‍ ഞാവലാണ് ഇപ്പോള്‍ കാടുകളില്‍ നിന്ന് ഏറ്റവുമധികം ലഭിക്കുന്നത്. മധുരമുള്ള പഴങ്ങളായത് കൊണ്ടുതന്നെ ഇവ വേഗത്തില്‍ വിറ്റുപോകുന്നതായി കുട്ടികള്‍ പറയുന്നത്. കടുവ, ആന എന്നിവയുടെ ആക്രമണങ്ങള്‍ കുടി ഭയന്നാണ് നിത്യച്ചെലവ് ഒപ്പിക്കാനുള്ള ഇവരുടെ സാഹസികത.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം