
തിരുവനന്തപുരം: വെഞ്ഞാറമ്മൂട് ഭാഗത്തെ മോഷണം, അക്രമം ഉൾപ്പെടെയുള്ള കേസുകളിൽ സ്ഥിരം പ്രതിയായിരുന്ന പാളയംകെട്ട് ജയൻ എന്നറിയപ്പെടുന്ന കോലിയക്കോട് സ്വദേശി ജയനെ(46) സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കി. വേളാവൂർ വാഴാട് ദേവീക്ഷേത്രത്തിലെ മോഷണമുൾപ്പെടെ നിരവധി മോഷണ അക്രമ കേസുകളിലെ പ്രതിയാണിയാൾ. വേളാവൂർ ഉല്ലാസ് നഗർ മുണ്ടക്കൽവാരം പ്രദേശങ്ങളിലെ സ്ഥിരം ശല്യക്കാരനായിരുന്നു ഇയാളെന്ന് പൊലീസ് പറയുന്നു.
വളർത്തു നായയുമായി കറങ്ങി നടന്ന് പകൽ സമയങ്ങളിൽ മോഷണം നടത്തേണ്ടുന്ന സ്ഥലങ്ങൾ നോക്കി വയ്ക്കുകയും രാത്രിയെത്തി മോഷണം നടത്തുകയുമാണ് ഇയാളുടെ രീതി. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ പാളയംകെട്ട് ചരുവിള പുത്തൻവീട്ടിൽ ശശിയെ മദ്യപിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻഡിൽ കഴിഞ്ഞു വരവെ കാപ്പ ചുമത്തണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി സുദർശൻ നൽകിയ റിപ്പോർട്ട് പ്രകാരം ജില്ലാ കളക്ടർ അനുകുമാരി കരുതൽ തടങ്കലിന് ഉത്തരവിട്ടു. തുടർന്ന് കുഞ്ചാലുംമൂട് സ്‌പെഷ്യൽ സബ് ജയിലിലെത്തി വെഞ്ഞാറമൂട് ഇൻസ്പെക്ടർ ആസാദ് അബ്ദുൽകലാം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കരുതൽ തടങ്കലിലേക്ക് മാറ്റുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam