
പെരുമ്പാവൂര്‍: നഗരത്തിലൂടെ ബൈക്കിൽ ചുറ്റി ജയറാം. കാര്യമറിഞ്ഞപ്പോള്‍ ജനം കൈയ്യടിച്ചു. ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്‍റെ ആവശ്യകത ജനങ്ങളിലെത്തിക്കാൻ സ്വന്തം നാട്ടിൽ ട്രാഫിക് ബോധവത്കരണത്തിന് മുന്നിട്ടിറങ്ങിയിരിക്കുകയാണ് നടൻ ജയറാം. ഇതിനായി പെരുമ്പാവൂരിൽ നടത്തിയ ബൈക്ക് റാലിക്ക് ജയറാം നേതൃത്വം നൽകി. നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാൻ ട്രാഫിക് നിയമങ്ങൾ പാലിക്കുമെന്ന് പ്രദേശവാസികൾ ജയറാമിനൊപ്പം പ്രതിജ്ഞയെടുത്തു.
നഗരത്തിലൂടെ ബൈക്കിൽ ചുറ്റുന്ന പ്രിയ നടൻ ജയറാമിനെക്കണ്ട് നാട്ടുകാർക്ക് ആദ്യം അമ്പരപ്പായിരുന്നു. പിന്നാലെയുള്ള ഇരുചക്രയാത്രക്കാരെ കണ്ടപ്പോഴാണ് കാര്യം പിടികിട്ടിയത്. ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്‍റെ ആവശ്യകത ജനങ്ങളെ മനസ്സിലാക്കിക്കാനാണ് താരം നേരിട്ടെത്തിയത്.
നഗരസഭയുടെയും ജനമൈത്രി പൊലീസിന്റെയും സഹകരണത്തോടെ ഹാപ്പി ട്രാഫിക് കൂട്ടായ്മയാണ് പരിപാടിനടത്തിയത്. പരിപാടിക്ക് പിന്തുണ അറിയിച്ച് ആലൂവ റൂറൽ എസ് പി കെ.കാർത്തിക്കും എത്തിയിരുന്നു. നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരം കാണാൻ ഹാപ്പി ട്രാഫിക് രൂപം നൽകിയ ഫ്രണ്ട്സ് ഓഫ് പൊലീസ് കേഡറ്റ്സിന്റെ സേവനത്തിലൂടെ സാധിച്ചതായി നഗരസഭ അധ്യക്ഷ സതി ജയകൃഷ്ണ പറഞ്ഞു. ട്രാഫിക് നിയമങ്ങൾ പാലിക്കുമെന്ന് ജനങ്ങൾ അധികൃതർക്കൊപ്പം പ്രതിജ്ഞയുമെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam