
കേരളത്തിലുണ്ടായ മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണത്തിന് ബലമേകി അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മന്ത്രി എം എം മണിയേ ട്രോളി അഡ്വ.ജയശങ്കറിന്‍റെ കുറിപ്പ്. പ്രളയകാലത്ത് ആദ്യം ഡാം തുറക്കില്ലെന്നും പിന്നീട് ഡാം തുറന്നപ്പോള്‍ പത്രക്കാരെ പറ്റിക്കാനാണ് ഡാം തുറക്കില്ലെന്ന് പറഞ്ഞതെന്നും മന്ത്രി എം എം മണി പറഞ്ഞിരുന്നു.
പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്നും ഇത് സംമ്പന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പ് അടുത്ത കാലത്താണ് അമിക്കസ് ക്യൂറിയുടെ ഒലത്തിയ റിപ്പോർട്ട് വരുന്നതെന്നും നമുക്കു വേണ്ടി നാം സൃഷ്ടിച്ച നമ്മുടെ സ്വന്തം പ്രളയത്തെ കുറിച്ച് റിപ്പോര്‍ട്ട് മാത്രമല്ല ജുഡീഷ്യൽ അന്വേഷണവും നടത്തണമെന്നും ജയശങ്കര്‍ എഴുതുന്നു.
അമിക്കസ് ക്യൂറി അമേരിക്കൻ ഏജൻറ്റാണ്. കേരളത്തിലെ ഇടതുപക്ഷ പുരോഗമന മതേതര സർക്കാരിനെ അട്ടിമറിക്കാനും അതുവഴി നവോത്ഥാനത്തെ പുറകോട്ടടിക്കാനുമുളള സാമ്രാജ്യത്വ ഗൂഢാലോചനയുടെ ദുർഭഗ സന്തതിയാണ് ഈ റിപ്പോർട്ടെന്നും ജയശങ്കര്‍ മണിയാശാനെ ട്രോളുന്നു.
അഡ്വ.ജയശങ്കറിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം :
ഇത് ഭയങ്കര മറ്റേപ്പണി ആയിപ്പോയി!
ഈ തെരഞ്ഞെടുപ്പ് അടുത്ത കാലത്താണ് അമിക്കസ് ക്യൂറിയുടെ ഒലത്തിയ റിപ്പോർട്ട്. അതും നമുക്കു വേണ്ടി നാം സൃഷ്ടിച്ച നമ്മുടെ സ്വന്തം പ്രളയത്തെ കുറിച്ച്. അതും പോരാ, ഇനി ജുഡീഷ്യൽ അന്വേഷണവും നടത്തണം പോലും!
അമിക്കസ് ക്യൂറി അമേരിക്കൻ ഏജൻ്റാണ്. കേരളത്തിലെ ഇടതുപക്ഷ പുരോഗമന മതേതര സർക്കാരിനെ അട്ടിമറിക്കാനും അതുവഴി നവോത്ഥാനത്തെ പുറകോട്ടടിക്കാനുമുളള സാമ്രാജ്യത്വ ഗൂഢാലോചനയുടെ ദുർഭഗ സന്തതിയാണ് ഈ റിപ്പോർട്ട്.
അമിക്കസ് ക്യൂറി റിപ്പോർട്ടിനെതിരെ വർഗ ബഹുജന സംഘടനകളും സാംസ്കാരിക നായകരും ഉടൻ രംഗത്തു വരും.
#അമിക്കസ് ക്യൂറി അറബിക്കടലിൽ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam