കൊട്ടാക്കമ്പൂര്‍ ഭൂമി; പുതിയ രേഖകള്‍ കൈവശമില്ലെന്ന് ജോയ്‍സ് ജോര്‍ജ് എംപിയുടെ അഭിഭാഷകന്‍

By Web TeamFirst Published Mar 7, 2019, 8:17 PM IST
Highlights

ജനുവരി 10 നാണ് അവസാനമായി ജോയ്‌സിന് ഹാജരാകാന്‍ സബ് കളക്ടര്‍ നോട്ടീസ് നല്‍കിയത്. എന്നാല്‍ ഹൈക്കോടതിയെ സമീപിച്ച് സമയം സബ് കളക്ടറുടെ നടപടിക്ക് ഒരുമാസത്തെ സ്റ്റേ വാങ്ങുകയായിരുന്നു. സ്റ്റേയുടെ കാലാവധി കഴിഞ്ഞതോടെയാണ് സബ് കളക്ടര്‍ വീണ്ടും നോട്ടീസ് നല്‍കിയത്

ഇടുക്കി. കൊട്ടാക്കമ്പൂര്‍ ഭൂമി സംബന്ധമായ കേസില്‍ ജോയ്സ് ജോര്‍ജ് എം പി നേരിട്ട് ഹാജരായില്ല. എം പിക്ക് വേണ്ടി വീണ്ടും അഭിഭാഷകന്‍ ഹാജരായി. ജോയ്‌സ് ജോര്‍ജ്ജ് എം പി നേരിട്ട് ഹാജരാകമെന്നാണ് സബ് കളക്ടര്‍ രേണുരാജ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അഭിഭാഷകനായ തോമസ് പോളാണ് ഹാജരായത്. രാവിലെ 11 മണിയോടെ എത്തിയ അഭിഭാഷകന്‍റെ വാദങ്ങള്‍ ഒന്നരമണിക്കുറോളം നീണ്ടു.

ഭൂമി സംബന്ധമായ പുതിയരേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കൈവശമില്ലെന്നാണ് അഭിഭാഷകന്‍ ഉദ്യോഗസ്ഥയെ അറിയിച്ചത്. ഭൂമിയുടെ അവകാശത്തെ സംബന്ധിച്ച് പരാതികള്‍ ഉന്നയിച്ച സര്‍വ്വെ സൂപ്രണ്ട്, തഹസില്‍ദാര്‍ എന്നിവരെ വിസ്തരിക്കണമെന്ന് വാദത്തിനിടെ അദ്ദേഹം രേഖാമൂലം സബ് കളക്ടറോട് ആവശ്യപ്പെട്ടു. കാര്യങ്ങള്‍ പഠിച്ചതിനുശേഷം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വിസ്തരിക്കുന്നതിനെ കുറിച്ച് തീരുമാനം കൈകൊള്ളുമെന്ന് രേണുരാജ് പറഞ്ഞു.

എം പിയുടെ ഭൂമി പ്രശ്‌നം സംബന്ധിച്ചുള്ള വാദം അവസാനഘട്ടത്തിലാണ്. അഭിഭാഷകന്റെ ആവശ്യപ്പെട്ടതനുസരിച്ച് ഉദ്യോഗസ്ഥരെ വിസ്തരിക്കുന്ന കാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ടെങ്കില്‍ അതും കൂടി പൂര്‍ത്തിയാക്കുമെന്നും അവര്‍ പറഞ്ഞു. ആദ്യമായാണ് ജോയ്‌സിന്റെ കാര്യത്തില്‍ ഇത്രയധികം കാര്യങ്ങള്‍ ഒരു ഉദ്യോഗസ്ഥയുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ കഴിയുന്നതെന്ന് അഭിഭാഷകനും പ്രതികരിച്ചു. അടുത്തഘട്ട നടപടികള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കി പ്രശ്‌നങ്ങളില്‍ അന്തിമതീരുമാനം കൈകൊള്ളുമെന്ന് സബ് കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജനുവരി 10 നാണ് അവസാനമായി ജോയ്‌സിന് ഹാജരാകാന്‍ സബ് കളക്ടര്‍ നോട്ടീസ് നല്‍കിയത്. എന്നാല്‍ ഹൈക്കോടതിയെ സമീപിച്ച് സമയം സബ് കളക്ടറുടെ നടപടിക്ക് ഒരുമാസത്തെ സ്റ്റേ വാങ്ങുകയായിരുന്നു. സ്റ്റേയുടെ കാലാവധി കഴിഞ്ഞതോടെയാണ് സബ് കളക്ടര്‍ വീണ്ടും നോട്ടീസ് നല്‍കിയത്. ഭൂമിയുടെ രേഖകള്‍ കൃത്യമല്ലെന്ന് ചൂണ്ടിക്കാണിച്ച് മുന്‍ സബ് കളക്ടര്‍ ആയിരുന്ന വി ആര്‍ പ്രേംകുമാറാണ് ഭൂമിയുടെ പട്ടയം റദ്ദ് ചെയ്തത്. ഇതിനെതിരേ എം.പി. പരാതി നല്‍കുകയും പിന്നീട് ജില്ലാ കളക്ടര്‍ സബ് കളക്ടറുടെ നടപടി മരവിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഭൂമിയുടെ തുടക്കംമുതലുള്ള എല്ലാ രേഖകളുമായി കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കി. ഇതിനെതിരേ ജോയ്സ് ജോര്‍ജ് ലാന്‍ഡ് റവന്യൂ കമ്മിഷണറെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല. 

click me!