
വയനാട്: മുത്തങ്ങാ ചെക്പോസ്റ്റിൽ വൻ ലഹരിവേട്ട. പഞ്ചസാര ലോഡിന്റെ മറവിൽ ഒളിപ്പിച്ചു കടത്താൻ നോക്കിയ ഒരു കോടിയോളം വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. കർണാടകയിൽ നിന്ന് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിലേക്ക് എത്തിയ ലോറിയിൽ നിന്നാണ് 3600 കിലോഗ്രാം നിരോധിച്ച പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തത്. 246 ചാക്കുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു പുകയില ഉൽപ്പന്നങ്ങൾ. ലോറി ഓടിച്ചിരുന്ന കോയമ്പത്തൂർ പൊള്ളാച്ചി സ്വദേശി കനകരാജിനെ അറസ്റ്റ് ചെയ്തു.
ലോക്സഭ ഇലക്ഷൻ പ്രമാണിച്ച് ഉത്തര മേഖല ജോയിന്‍റ് എക്സൈസ് കമ്മീഷണർ പ്രദീപ് കുമാറിന്റെ പ്രത്യേക നിർദേശ പ്രകാരം നടത്തിയ പരിശോധനയിലാണ് എക്സൈസ് ഇൻസ്‌പെക്ടർ നിധിൻ കെ വിയുടെ നേതൃത്വത്തിലുള്ള സംഘം പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തത്. വിപണിയിൽ ഒരു കോടിയോളം രൂപ വിലമതിക്കുന്ന ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. പഞ്ചസാര ചാക്കുകൾക്കടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കൾ.
കർണാടകയിലെ ബിടുതിയിൽ നിന്നും പാലക്കാട് ഭാഗത്തേക്ക് വിൽപ്പനക്കായി കടത്തിക്കൊണ്ടു പോവുകയായിരുന്നു നിരോധിത പുകയില ഉൽപ്പന്നങ്ങൾ. പ്രിവന്റിവ് ഓഫീസർ ലത്തീഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു. പ്രതിയും വാഹനവും തൊണ്ടിമുതലുകളും തുടർനടപടികൾക്കായി സുൽത്താൻ ബത്തേരി പൊലീസിന് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam