
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയെ സി പി എം എത്രത്തോളം ഭയക്കുന്നതിന് തെളിവാണ് തിരുവനന്തപുരം നെയ്യാറ്റിന്‍കര പൊന്‍വിളയില്‍ സ്ഥാപിച്ച അദ്ദേഹത്തിന്റെ സ്തൂപം തകര്‍ത്ത സംഭവമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകാരന്‍ എം പി. ഉമ്മന്‍ചാണ്ടിയുടെ ജനസ്വീകാര്യത സി പി എമ്മിനെ എന്നും വിറളിപിടിപ്പിച്ചിരുന്നു. ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവര്‍ അദ്ദേഹത്തിന്റെ മരണശേഷവും അത് തുടരുകയാണ്. സി പി എം എത്ര സ്തൂപങ്ങള്‍ തകര്‍ത്താലും ഇല്ലാതാകുന്നതല്ല ഉമ്മന്‍ചാണ്ടിയെ കുറിച്ച് ജനങ്ങളുടെ മനസ്സിലുള്ള ചിത്രം. ഉമ്മന്‍ചാണ്ടി തുടങ്ങിവെച്ച നന്മ കോണ്‍ഗ്രസിലൂടെ തുടരുക തന്നെ ചെയ്യുമെന്നും സുധാകരൻ പറഞ്ഞു.
പാറശ്ശാലയിൽ ഉമ്മൻ ചാണ്ടിയുടെ സ്തൂപം തകർത്ത സംഭവം; സിഐടിയു ബ്രാഞ്ച് അംഗം പിടിയിൽ
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ പരാജയഭീതിയാണ് സി പി എമ്മിനെ കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നത്. ഇതിന് പിന്നില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും ഒരു സുരക്ഷയുമില്ലാത്ത നാടാക്കി കേരളത്തെ മാറ്റിയത് ഇവിടത്തെ എല്‍ ഡി എഫ് ഭരണമാണ്. ഇത് ഒറ്റപ്പെട്ട സംഭവമായി കാണാന്‍ സാധിക്കില്ല. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നാട്ടില്‍ മനഃപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് സ്തൂപം തകര്‍ത്ത സംഭവമെന്നും കെ പി സി സി അധ്യക്ഷൻ അഭിപ്രായപ്പെട്ടു.
ഉമ്മന്‍ചാണ്ടി ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെയും വികാരമാണ്. അത് വ്രണപ്പെടുത്താനുള്ള സി പി എമ്മിന്റെ ശ്രമം തീക്കൊള്ളികൊണ്ട് തലചൊറിയുന്നതിന് തുല്യമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊലീസും സ്വന്തം അണികളെ നിലയ്ക്കു നിര്‍ത്താന്‍ സി പി എം നേതൃത്വവും തയ്യാറാകണം. അല്ലെങ്കില്‍ അതിന് സി പി എമ്മിനെ കൊണ്ട് കണക്ക് പറയിപ്പിക്കാന്‍ ഏതറ്റം വരെ പോകാനും ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും തെരുവിലിറങ്ങുമെന്നും സുധാകരന്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam