Latest Videos

രണ്ട് കോടി മുടക്കിയിട്ടും കബനീജലം കൃഷിയിടത്തിലെത്തിയില്ല; ചേകാടിയിലെ കര്‍ഷകര്‍ ആശങ്കയില്‍

By Web TeamFirst Published Jul 26, 2020, 4:35 PM IST
Highlights

കൃഷി മുടങ്ങിയതിനെ തുടര്‍ന്ന് കര്‍ഷകര്‍ അധികൃതരെ വിവരമറിയിച്ചെങ്കിലും യാതൊരു നടപടിയും ഇതുവരെയായും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
 

കല്‍പ്പറ്റ: വയനാട്ടില്‍ പാരമ്പര്യ കൃഷിരീതികള്‍ നിലനില്‍ക്കുന്ന വനഗ്രാമങ്ങളില്‍ ഒന്നായ ചേകാടിയില്‍ കര്‍ഷകര്‍ ആശങ്കയില്‍. ഇവിടുത്തെ 200 ഏക്കര്‍ വരുന്ന കൃഷിയിടത്തിലേക്ക് വെള്ളമെത്തിക്കുന്ന ജലസേചനപദ്ധതി അവതാളത്തിലായതാണ് ആശങ്കക്ക് കാരണം. രണ്ട് കോടിയോളം രൂപ മുടക്കി മൈനര്‍ ഇറിഗേഷന്‍ വിഭാഗമാണ് കഴിഞ്ഞവര്‍ഷം പദ്ധതി പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഉദ്ഘാടനം ചെയ്ത് ഒരു വര്‍ഷമായപ്പോഴേക്കും ജലസേചനം മുടങ്ങി. കബനിയുടെ തീരത്ത് സ്ഥാപിച്ച പമ്പ് ഹൗസിലെ മോട്ടോര്‍ തകരാറിലായതാണ് വെള്ളം മുടങ്ങാന്‍ കാരണം. ഇവിടെത്തന്നെ പ്രവര്‍ത്തനക്ഷമമായ മറ്റ് മോട്ടോറുകള്‍ ഉണ്ടെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അധികൃതര്‍ പമ്പ് ഹൗസ് പ്രവര്‍ത്തിപ്പിക്കുന്നില്ലെന്നാണ് പരാതി.

കൃഷി മുടങ്ങിയതിനെ തുടര്‍ന്ന് കര്‍ഷകര്‍ അധികൃതരെ വിവരമറിയിച്ചെങ്കിലും യാതൊരു നടപടിയും ഇതുവരെയായും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ചേകാടി ഗ്രാമത്തിലൂടെ കബനി നിറഞ്ഞൊഴുകുമ്പോഴാണ് വെള്ളമില്ലാതെ പുഴയോരത്തെ കൃഷി മുടങ്ങുന്നത്. മുമ്പ് മൊതങ്കര ചെക്ക് ഡാമില്‍ നിന്നായിരുന്നു ചേകാടിയിലെ കൃഷിആവശ്യത്തിനായി വെള്ളമെത്തിച്ചിരുന്നത്. പിന്നീട് ആവശ്യത്തിന് വെള്ളം ലഭിക്കാതെ വന്നപ്പോഴാണ് പുതിയ ജലസേചന പദ്ധതിക്കായി കര്‍ഷകര്‍ ആവശ്യമുന്നയിച്ചത്. 2011-ല്‍ പദ്ധതി നിര്‍മാണത്തിന് തുടക്കമിട്ടെങ്കിലും നിര്‍മാണത്തിലെ മെല്ലെപ്പോക്ക് കാരണം കര്‍ഷകര്‍ സമരം നടത്തി. 

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഇടപെട്ടതിനെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം പദ്ധതി പൂര്‍ത്തിയാക്കിയത്. നഞ്ചയും പുഞ്ചയും മുടക്കം കൂടാതെ നടത്തുകയെന്ന ലക്ഷ്യത്തോടെ മൂന്ന് കിലോമീറ്ററോളം കനാലും പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചിട്ടുണ്ട്. ഞാറ് പറിക്കാന്‍ സമയമായെങ്കിലും വെള്ളമില്ലാത്തതിനാല്‍ നിസ്സഹായവസ്ഥയിലാണ് കര്‍ഷകര്‍. ആദിവാസികളടക്കം കൃഷിയിറക്കുന്ന ചേകാടിയില്‍ സ്വന്തമായി മോട്ടോര്‍ ഉപയോഗിച്ച് ജലസേചനം നടത്താന്‍ കര്‍ഷകര്‍ക്ക് ത്രാണിയില്ല. അടിയന്തിരമായി ജലസേചനവകുപ്പ് അധികൃതര്‍ പരിഹാരം കണ്ടില്ലെങ്കില്‍ ഓഫീസുകളിലെത്തി സമരം തുടങ്ങാനാണ് കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്നത്. അതേ സമയം കൃഷി മുടങ്ങില്ലെന്നും തകരാര്‍ സ്വന്തം പണം മുടക്കിയാണെങ്കിലും പരിഹരിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്.
 

click me!