പുന്നപ്രയിൽ നിന്നും കാണാതായ യുവാവിനെ കൊന്ന്, കല്ല് കെട്ടി കടലിൽ താഴ്‌ത്തിയെന്ന് പ്രതികൾ

Published : Aug 23, 2019, 07:14 PM IST
പുന്നപ്രയിൽ നിന്നും കാണാതായ യുവാവിനെ കൊന്ന്, കല്ല് കെട്ടി കടലിൽ താഴ്‌ത്തിയെന്ന് പ്രതികൾ

Synopsis

ബിയര്‍ കുപ്പിയും  കല്ലും കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം, മൃതദേഹം പറവൂര്‍ ഗലീലിയ കടലില്‍ കല്ലുകെട്ടി താഴ്ത്തിയെന്നാണ് മൊഴി

അമ്പലപ്പുഴ: പുന്നപ്രയില്‍ നിന്നും കാണാതായ കാകൻ മനു എന്ന മനു(28)വിനെ കൊന്ന് കടലില്‍ താഴ്ത്തിയതാണെന്ന് പ്രതികള്‍. പുന്നപ്ര വടക്ക് പഞ്ചായത്ത് രണ്ടുതൈവെളിയില്‍ മനു(28)വിനെയാണ് കഴിഞ്ഞ 19 മുതല്‍ പറവൂരില്‍ നിന്നും കാണാതായത്. 

മനുവിന്റെ അച്ഛൻ മനോഹരന്‍ പുന്നപ്ര പൊലീസിൽ നൽകിയ പരാതിയെ തുടർന്നായിരുന്നു അന്വേഷണം. പുന്നപ്ര വടക്ക് പഞ്ചായത്ത് തൈപ്പറമ്പില്‍ അപ്പാപ്പന്‍ പത്രോസ്(28), വടക്കേ തൈയ്യില്‍ സനീഷ് (സൈമണ്‍-29) എന്നിവരെ പൊലീസ് പിന്നീട് പിടികൂടി. ചോദ്യം ചെയ്യലിനിടെ പുന്നപ്ര വടക്ക് പഞ്ചായത്ത് കാക്കിരിയില്‍ ഓമനകുട്ടന്‍(ജോസഫ് -19), പനഞ്ചിക്കല്‍ വിപിന്‍ (ആന്റണി സേവ്യര്‍-28) എന്നിവരുടെ കൂടി സഹായത്തോടെയാണ് മനുവിനെ കൊലപ്പെടുത്തിയതെന്ന് പ്രതികൾ മൊഴി നൽകി.

ബിയര്‍ കുപ്പിയും  കല്ലുംകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം, മൃതദേഹം പറവൂര്‍ ഗലീലിയ കടലില്‍ കല്ലുകെട്ടി താഴ്ത്തിയെന്നാണ് മൊഴി. മൃതദേഹം കണ്ടെത്താനുള്ള തെരച്ചിലിലാണ് പൊലീസ്. ഓമനക്കുട്ടനെയും വിപിനെയും പിടികൂടാൻ തെരച്ചിൽ തുടങ്ങി. കൊല്ലപ്പെട്ട മനുവിനും പ്രതികൾക്കുമെതിരെ നിരവധി ക്രിമിനല്‍ കേസുകൾ നിലവിലുണ്ട്. ഗുണ്ടാപ്പകയാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.

പറവൂരിലുള്ള ബാറില്‍ നിന്നും മദ്യപിച്ച് പുറത്തേക്ക് ഇറങ്ങുമ്പോള്‍ മനു കയറിവരുന്നതുകണ്ടുവെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. ഓമനകുട്ടന്‍ മനുവിനെ തടഞ്ഞുനിര്‍ത്തുകയും വിപിന്‍ മര്‍ദ്ദിക്കുകയും ചെയ്‌തു. നിലത്തുവീണ മനുവിനെ ഇവർ വീണ്ടും  മര്‍ദ്ദിച്ചു. ഇതിനുശേഷം പ്രതികൾ വീണ്ടും ബാറില്‍ക്കയറി ബിയർ വാങ്ങി പുറത്തേക്കിറങ്ങി. ഈ സമയത്ത് ദേശിയപാതയുടെ പടിഞ്ഞാറുഭാഗത്ത് ഇവരുടെ സ്‌കൂട്ടറിനു സമീപം നിന്ന് മനു ഫോണില്‍ സംസാരിക്കുകയായിരുന്നു. തങ്ങളെ ആക്രമിക്കാൻ മനു സുഹൃത്തുക്കളെ വിളിച്ചു വരുത്തുകയാണെന്ന് കരുതി പ്രതികൾ നാലുപേരും ചേര്‍ന്ന് വീണ്ടും മനുവിനെ ആക്രമിച്ചു. ബിയര്‍ കുപ്പിയും ഇഷ്ടികയും ഉപയോഗിച്ച് തലക്കടിച്ചാണ് കൊലപ്പെടുത്തിയതെന്നും പ്രതികൾ പറഞ്ഞു. 

മനുവിന്റെ മരണം ഉറപ്പായതോടെ, പ്രതികളിൽ രണ്ടു പേര്‍ ചേര്‍ന്ന് സ്‌കൂട്ടറിൽ മൃതദേഹം ഗലീലിയ തീരത്തേക്ക് എത്തിച്ചു. പിന്നീട് ഒരാള്‍ സ്‌കൂട്ടറില്‍ തിരിച്ചെത്തി മറ്റ് രണ്ടുപേരെക്കൂടി ഗലീലിയായില്‍ എത്തിച്ചു. തുടര്‍ന്ന് നാലുപേരും ചേർന്ന് മൃതദേഹത്തിൽ കല്ലുകൂട്ടിക്കെട്ടി പൊങ്ങുവള്ളത്തില്‍ കയറ്റി. കടലിൽ അഞ്ച് അടിയോളം താഴ്‌ചയുള്ള ഭാഗത്ത് എത്തിയപ്പോൾ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. തിരികെ കരയിലെത്തിയ പ്രതികൾ തങ്ങളുടെ വസ്ത്രങ്ങള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു.

വസ്ത്രങ്ങള്‍ കത്തിച്ചെന്ന് പറയുന്ന സ്ഥലത്തെ മണ്ണും, കത്തിയ അവശിഷ്ടങ്ങളും ഫോറന്‍സിക് വിഭാഗം ശേഖരിച്ചു. കൂടാതെ അക്രമിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ബ്ലോക്ക് ഇഷ്ടികയും പൊട്ടിയ ബിയറുകുപ്പിയും പരിശോധനക്കെടുത്തിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ ബാക്കി; മീനടത്ത് വിജയിച്ച സ്ഥാനാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു
സൗജന്യ യാത്ര വമ്പൻ ഹിറ്റ്! ദിവസം 400 സൗജന്യ ഷട്ടിൽ സർവീസുകൾ, പ്രയോജനപ്പെടുത്തിയത് 8400 പേർ; ഐഎഫ്എഫ്കെയിൽ താരമായി കേരള സവാരി