സിപിഎമ്മിനോട് പ്രതികാരം ചെയ്യാൻ കലാ രാജു, കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്‌സൺ സ്ഥാനാർഥി; ഇന്ന് തെരഞ്ഞെടുപ്പ്

Published : Aug 29, 2025, 04:04 AM IST
kala raju

Synopsis

സി പി എം വിമതയായ കലാ രാജു ഇന്ന് കൂത്താട്ടുകുളം നഗരസഭാ ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് മത്സരിക്കും. യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കലാ രാജുവിന് സിപിഎമ്മിനോട് പ്രതികാരം ചെയ്യാനുള്ള അവസരമാണിത്

കൊച്ചി: അവിശ്വാസ പ്രമേയത്തിലൂടെ എൽ ഡി എഫിന് ഭരണം നഷ്ടമായ കൂത്താട്ടുകുളം നഗരസഭയിൽ ഇന്ന് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കും. സി പി എം അംഗമായി വിജയിച്ച ശേഷം കോൺഗ്രസ് പക്ഷത്തേക്ക് കൂറുമാറിയ വിമത കലാ രാജുവാണ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ഏറെനാളായി സി പി എമ്മുമായുള്ള കലഹത്തിനൊടുവിലാണ് കലാ രാജു നഗരസഭ അധ്യക്ഷയാകാനായി പോരാടുന്നത്. അതുകൊണ്ടുതന്നെ കലാ രാജുവിന്‍റെ പ്രതികാരം വിജയിക്കുമോയെന്നറിയാനായി ഏവരും ഉറ്റുനോക്കുകയാണ്. അവിശ്വാസ പ്രമേയത്തിൽ യുഡിഎഫിന് ഒപ്പം നിന്ന സ്വതന്ത്ര കൗൺസിലർ പി. ജി. സുനിൽകുമാറിനെയാണ് വൈസ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം എറണാകുളം ഡിസിസി പ്രസിൻ്റഉൾപ്പെടെയുളളവർ പങ്കെടുത്ത പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇരുവരെയും മത്സരിപ്പിക്കാൻ തീരുമാനിച്ചത്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേയാണ് നഗരസഭയിൽ വീണ്ടും അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം അഞ്ചാം തിയതി നടന്ന അവിശ്വാസ വോട്ടെടുപ്പിലാണ് നഗരസഭയിൽ എൽ ഡി എഫിന് ഭരണം നഷ്ടമായത്. എൽ ഡി എഫ് ഭരണ സമിതിക്കെതിരെ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസാകുകയായിരുന്നു. അന്ന് സി പി എം വിമതയായിരുന്ന കല രാജു യു ഡി എഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തു. കലാ രാജുവിനൊപ്പം ഒരു സ്വതന്ത്രനും യുഡിഎഫിന് അനുകൂലമായി വോട്ടുചെയ്തതാടെയാണ് അവിശ്വാസ പ്രമേയം പാസായത്. കലാ രാജുവും സി പി എം നേതൃത്വവും തമ്മിലുണ്ടായിരുന്ന അസ്വാരസ്യങ്ങൾക്കൊടിവിലായിരുന്നു ഇത്.

കലാ രാജുവും സി പി എം നേതൃത്വവും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങൾ 2025 ജനുവരി 18 നാണ് പരസ്യമായ പോരിലേക്ക് കടന്നത്. അന്ന് നഗരസഭാ അധ്യക്ഷയ്ക്കും ഉപാധ്യക്ഷനുമെതിരെ യു ഡി എഫ് അവിശ്വാസ പ്രമേയം കൊണ്ടുന്നതും കൗൺസിലർ കലാ രാജുവിനെ നടുറോഡിൽ നിന്ന് സി പി എം - ഡി വൈ എഫ് ഐ പ്രവർത്തകർ തട്ടിക്കൊണ്ടുപോയതും വലിയ വിവാദമായിരുന്നു. യു ഡി എഫിന് അനുകൂലമായി വോട്ട് ചെയ്യാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലായിരുന്നു സി പി എം - ഡി വൈ എഫ് ഐ പ്രവർത്തകർ അറ്റകൈ പ്രയോഗം നടത്തിയത്. പൊലീസ് സംരക്ഷണ ഉത്തരവ് നിലനിൽക്കെയായിരുന്നു ആ തട്ടിക്കൊണ്ടുപോകൽ. പൊലീസിനെതിരെ രൂക്ഷ വിമർശനം ഉയർന്ന സംഭവത്തിൽ പിന്നീട് കലാ രാജുവും സി പി എം നേതൃത്വവും പരസ്യമായി ഏറ്റുമുട്ടുന്നതിനാണ് കൂത്താട്ടുകുളം സാക്ഷ്യം വഹിച്ചത്.

പരസ്യ പോരിനൊടുവിൽ ഫെബ്രുവരി മാസത്തിന്‍റെ തുടക്കത്തിൽ തന്നെ ഇനി സി പി എമ്മിലേക്കില്ലെന്ന് കലാ രാജു പ്രഖ്യാപിക്കുകയും ചെയ്തതോടെ യു ഡി എഫിലേക്കുള്ള യാത്ര സുഗമമായി. ഇതിന്‍റെ തുടർച്ചയായിട്ടാണ് ഈ മാസം അഞ്ചാം തിയതി യു ഡി എഫ് വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവന്നതും സി പി എമ്മിന് ഭരണം നഷ്ടമായതും. പുതിയ അധ്യക്ഷയെ തെരഞ്ഞെടുക്കേണ്ട അവസരം വന്നപ്പോൾ കലാ രാജുവിന് സി പി എമ്മിനോടുള്ള പ്രതികാരം ചെയ്യാനുള്ള അവസരവും യു ഡി എഫ് നൽകിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിനൊടുവിൽ കലാ രാജു ജയിച്ചുകയറിയാൽ അത് കൂത്താട്ടുകുളത്തെ മാത്രമല്ല ജില്ലയിലെ സി പി എമ്മിന് തന്നെ ക്ഷീണമാകും.

കലാരാജുവും സി പി എം നേതൃത്വവും തമ്മിലുള്ള പോര് ഇപ്രകാരം

കൂത്താട്ടുകുളത്തെ തട്ടിക്കൊണ്ടുപോകൽ വിവാദത്തിൽ കൗൺസിലർ കലാ രാജു പാർട്ടി നേതൃത്വത്തിന് നൽകിയ പരാതിയിൽ ഏരിയ കമ്മിറ്റി അംഗം സണ്ണി കുര്യാക്കോസാണ് പ്രതി. സണ്ണി കുര്യാക്കോസ് കബളിപ്പിച്ചുവെന്നാണ് കലാ രാജു പാർട്ടിക്ക് നൽകിയ പരാതിയിൽ പ്രധാനമായും പറയുന്നത്. കടബാധ്യത തീർത്തുതരാനെന്ന പേരിൽ നിർബന്ധപൂർവം സ്ഥലം വിൽപന നടത്തി. ഇതുവഴി ഏരിയകമ്മറ്റി അംഗമായ സണ്ണി വൻ സാമ്പത്തിക ലാഭം ഉണ്ടാക്കി എന്നും പരാതിയിൽ പറയുന്നുണ്ട്. പരാതിയുടെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരുന്നു. സി പി എം ജില്ലാ - സംസ്ഥാന നേതൃത്വങ്ങൾക്ക് പരാതി നൽകിയിട്ടും ഫലം കാണാതായതോടെയാണ് വിമത ശബ്ദമായി കലാ രാജു മാറാൻ കാരണം. 2024 സെപ്തംബറിൽ കലാ രാജു സി പി എം ജില്ലാനേതൃത്വത്തിന് പരാതി നൽകിയിരുന്നു. 2024 ഒക്ടോബറിൽ സംസ്ഥാന നേതൃത്വത്തിനും ഇവർ പരാതി നൽകിയിട്ടുണ്ട്. തന്നെ സഹായിക്കാൻ പാർട്ടിയല്ലാതെ മറ്റാരും ഇല്ലെന്നും പരാതിയിൽ കലാ രാജു വ്യക്തമാക്കിയിരുന്നു. എന്നാൽ പരാതികളിൽ നടപടികളൊന്നും ഉണ്ടാകാത്തതോടെയാണ് കലാരാജു പാർട്ടിയുമായി അകലാൻ തുടങ്ങിയത്.

 

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ