
തൃശൂർ: ചാലക്കുടിയുടെ പെരുമ വാനോളമുയര്‍ത്തിയ കലാഭവന്‍ മണിയുടെ സ്മരണക്കായി നിർമിക്കുന്ന കലാഭവന്‍ മണി സ്മാരകം യാഥാര്‍ത്ഥ്യമാകുന്നു. സ്മാരക മന്ദിരത്തിന്റെ നിർമാണോദ്ഘാടനം 27ന് നടക്കും. ഫോക്‌ലോര്‍ അക്കാദമിയുടെ നേതൃത്വത്തിലാണ് പ്രവൃത്തികള്‍ നടക്കുന്നത്. നാടന്‍പാട്ടുകള്‍ സംരക്ഷിക്കുന്നതിനായുള്ള ഫോക്‌ലോര്‍ അക്കാദമിയുടെ സബ് സെന്ററായി കലാഭവന്‍ മണി സ്മാരകം പ്രവര്‍ത്തിക്കും.
6272 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഇരു നിലകളിലായാണ് സ്മാരകം നിര്‍മ്മിക്കുന്നത്. കലാഭവന്‍ മണിയുടെ പ്രതിമ, ഡിജിറ്റല്‍ ലൈബ്രറി, നാടന്‍പാട്ടുകളുടെ ശേഖരണവും പ്രദര്‍ശനവും, മള്‍ട്ടിപര്‍പ്പസ് ഹാള്‍, ഓഫീസ് റൂം, റീഡിങ് റൂം തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കുന്നത്. എംഎല്‍എ ആയിരുന്ന ബി ഡി ദേവസ്സിയുടെ ശ്രമഫലമായാണ് സ്മാരകത്തിന് അനുമതി ലഭിച്ചത്. സ്മാരക നിര്‍മ്മാണത്തിനായി ബജറ്റില്‍ 50 ലക്ഷം വകയിരുത്തി. പിന്നീട് സ്മാരകത്തിനായി മൂന്ന് കോടി സര്‍ക്കാര്‍ അനുവദിച്ചു.
ഗവ.ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ദേശീയ പാതയോരത്ത് സ്മാരക നിർമാണത്തിനായി 20 സെന്‍റ് ഭൂമി അനുവദിച്ചു. പാര്‍ക്കിങിനും അനുബന്ധ സൗകര്യങ്ങള്‍ക്കുമായി 15 സെന്‍റ് കൂടി കൈമാറും. എന്നാല്‍ പിന്നീട് പ്രവൃത്തികള്‍ മന്ദഗതിയിലായി. ഇതോടെ കലാകാരന്‍മാരുടേയും നാട്ടുകാരുടെയും നേതൃത്വത്തില്‍ വലിയ പ്രതിഷേധങ്ങളും അരങ്ങേറി. പ്രവൃത്തികള്‍ മന്ദഗതിയിലായ സാഹചര്യത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി രണ്ടു തവണ ചാലക്കുടിയില്‍ നേരിട്ടെത്തുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു.
ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ എസ് ഉണ്ണികൃഷ്ണന്‍റെ നേതൃത്വത്തിൽ ഇടപെടലുകളുണ്ടായതോടെ മന്ദഗതിയിലായ പ്രവൃത്തിക്ക് വേഗതയേറി. തുടര്‍ന്നാണ് ഇപ്പോള്‍ നിര്‍മ്മാണ ഉദ്ഘാടനത്തിൽ എത്തിയത്. ചിരകാല സ്വപ്നമായ സ്മാരകത്തിന്റെ നിർമാണോദ്ഘാടനം ചാലക്കുടിക്കാരേയും കലാകാരന്‍മാരേയും മണിയുടെ ആരാധകരേയും സന്തോഷത്തിലാക്കിയിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam