
കൊച്ചി: അങ്കമാലി ശബരി റെയില്‍പാത വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് തുടങ്ങിവച്ച പദ്ധതിയുടെ ദുരിതത്തില്‍ നിന്ന് കരകയറാന്‍ കാത്തിരിക്കുയാണ് കാലടിയിലെ നാട്ടുകാര്‍. ഇവിടെ നിര്‍മിച്ച റെയില്‍വേ സ്റ്റേഷന്‍ പാടെ നശിച്ചു. റെയില്‍ പാത കടന്നു പോകുന്ന ഇടങ്ങളിലെ ചെറുവഴികളെല്ലാം അടഞ്ഞു. പെരിയാറിന് കുറുകെ നിര്‍മിച്ച റെയില്‍വേ പാലമിന്ന് ലഹരി സംഘങ്ങളുടെ പ്രിയപ്പെട്ട ഇടമാണ്.
ദൂരെ നിന്ന് നോക്കിയാല്‍ പണി പൂര്‍ത്തിയായൊരു റെയില്‍വേ സ്റ്റേഷന്‍. എന്നാൽ അടുത്ത് കണ്ടാല്‍ ഞെട്ടും. ചുറ്റും കാടാണ്. കയറാന്‍ തീവണ്ടിയൊന്നുമില്ലെങ്കിലും ഇടക്കിടെ സ്റ്റേഷനുള്ളില്‍ ആളനക്കവും കേള്‍ക്കാം. ഇരുട്ടായാല്‍ ഭയം നിറഞ്ഞ കൂടാരാമാണിത്. അങ്കമാലിയിലില്‍ നിന്ന് തുടങ്ങുന്ന പാത കാലടിയിലെത്തി നില്‍ക്കുകയാണ്. ആ നില്‍പ്പ് തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടിലേറെയായി. റെയിവേ പാളം നിരത്തിയ ഇടങ്ങിലെല്ലാം ചെറു വഴികളുണ്ടായിരുന്നു. കാലടി സ്റ്റേഷന്‍ പിന്നിടുന്ന ട്രെയിനിന് കടന്നുപോകാനൊരു പാലവും നിര്‍മിച്ചിട്ടുണ്ട്.
ലഹരിസംഘങ്ങള്‍ പാലത്തില്‍ നിറഞ്ഞതോടെ തൊട്ടടുത്ത് ഫുട്ബോള്‍ കളിക്കാനെത്തുന്നവര്‍ പാലത്തിന്‍റെ ബോര്‍ഡിന് മുകളില്‍ ലഹരിവിരുദ്ധ സന്ദേശമുള്ള ബാനര്‍ സ്ഥാപിച്ചിട്ടുണ്ട്. കാലങ്ങളോളം സമരം ചെയ്തും നിയമനടപടികള്‍ സ്വീകരിച്ചുമാണ് ഈ മേഖലയില്‍ പലര്‍ക്കും നഷ്ടപരിഹാരമെങ്കിലും ലഭിച്ചത്. പാത തുടങ്ങുന്ന കാലടിയിലിതാണ് സ്ഥിതിയെങ്കില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ വെല്ലുവിളികളേറെ നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്. അതെല്ലാം മറികടന്ന് മലയോരത്തെ തൊട്ടൊരു റെയില്‍വേ പാത വരുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...