
കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ കുടുംബശ്രീ ഹോട്ടൽ അടപ്പിച്ചു. സ്വകാര്യ വ്യക്തിക്ക് കാന്റീൻ കൈമാറാൻ വേണ്ടിയാണ് ഹോട്ടൽ അടപ്പിച്ചതെന്ന് ആരോപിച്ച് പ്രതിഷേധം ഉയർന്നു. മെഡിക്കൽ കോളേജിൽ കഴിഞ്ഞ 20 വർഷമായി പ്രവർത്തിക്കുന്ന ഹോട്ടൽ ആണ് പൂട്ടിയത്. നാല് കുടുംബശ്രീ യൂണിറ്റുകൾ ചേർന്ന് നടത്തുന്ന ഹോട്ടലാണിത്. സ്വകാര്യ വ്യക്തി ടെണ്ടർ വിളിച്ച് ഹോട്ടൽ നടത്തിപ്പിന് അവകാശം നേടിയെന്ന് സൂപ്രണ്ട് പറഞ്ഞതായി കുടുംബശ്രീ അംഗങ്ങൾ പറയുന്നു. എന്നാൽ സൂപ്രണ്ടിന്റെ നടപടി വകവെയ്ക്കാതെ സിപിഎം കളമശേരി നഗരസഭാ കൗൺസിലറുടെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങൾ ഹോട്ടലിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്നു.
കളമശ്ശേരി മെഡിക്കൽകോളേജ് ആശുപത്രിയിൽ 2005 മുതൽ പ്രവർത്തിക്കുന്ന കുടുംബശ്രീ കാന്‍റീനാണ് ഇന്ന് രാവിലെ ആശുപത്രി സൂപ്രണ്ടിന്‍റെ നിർദ്ദേശ പ്രകാരം അടച്ച് പൂട്ടിയത്. രാവിലെ ജോലിക്കെത്തിയ കുടുംബശ്രീ അംഗങ്ങൾ ഇതോടെ പെരുവഴിയിലായി. വിവരം അറിഞ്ഞ് സ്ഥലം കൗൺസിലർ സ്ഥലത്തെത്തി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ പൂട്ട് പൊളിച്ച് കാന്‍റീൻ തുറന്നു. എന്നാൽ ആരും കുടുംബശ്രീ കാന്‍റീനിൽ പോകരുതെന്നും പുതുതായി ആരംഭിച്ച കഫ്റ്റീരിയയിലേക്ക് ആളുകൾ പോകണമെന്നും ആശുപത്രിയിൽ അനൗൺസ്മന്‍റ് വന്നു.
ഏതാനും മാസം മുൻപ് ചേർന്ന ആശുപത്രി വികസന സമിതി 24 മണിക്കൂറും പ്രവർത്തിക്കുന്ന കാന്‍റീൻ തുറക്കാൻ തീരുമാനിച്ചിരുന്നു. കുടുംബശ്രീ ഹോട്ടൽ രാത്രി പ്രവർത്തിക്കുന്നില്ല എന്നതായിരുന്നു കാരണം. ഇതിനായി ഇ-ടെണ്ടർ വിളിക്കാനും തീരുമാനിച്ചു. ടെണ്ടർ ഉറപ്പിക്കുമ്പോൾ കുടുംബശ്രീ ഹോട്ടൽ ജീവനക്കാരെ സമീപത്ത് തന്നെ പുനരധിവസിപ്പിക്കണമെന്നും തീരുമാനമുണ്ടായി.
ഇതിനിടയിൽ ആശുപത്രി ഒപിയിൽ ടെണ്ടർ പോലുമില്ലാതെ കോഴിക്കോട് സ്വദേശി പുതിയ കഫ്റ്റീരിയ കൗണ്ടർ തുടങ്ങി. ഇയാൾക്ക് തന്നെയാണ് കാന്റീൻ നടത്തിപ്പ് ചുമതലയും ലഭിച്ചതെന്നാണ് അറിയുന്നത്. ആശുപത്രി വികസന സമിതി അംഗങ്ങളെ പോലും ഇക്കാര്യം അറിയിച്ചിട്ടില്ല. കാന്‍റീൻ നടത്തിപ്പ് സ്വകാര്യ വ്യക്തിയ്ക്ക് നൽകാനുള്ള തീരുമാനത്തെക്കുറിച്ച് പ്രതികരണമൊന്നും ആശുപത്രി അധികൃതർ നൽകിയിട്ടില്ല. വിഷയം ചർച്ച ചെയ്യാൻ ആശുപത്രി വികസന സമിതി ഉടൻ വിളിക്കണമെന്ന് അംഗങ്ങൾ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam