
കൊച്ചി: കളമശേരി മെഡിക്കൽ കോളേജിലെ കരാർ നിയമനങ്ങളിൽ നിയമനങ്ങളിൽ ക്രമക്കേട് നടന്നതായി പരാതി. ദിവസ വേതനക്കാരുടെ ഒഴിവിൽ കുടുംബശ്രീ നൽകിയ പട്ടികയിലാണ്, മാനദണ്ഡങ്ങൾ ലംഘിച്ചതായി ആക്ഷേപമുയർന്നത്. പരിശോധനക്ക് പിന്നാലെ കുടുംബശ്രീ പട്ടിക കളമശേരി മുൻസിപ്പാലിറ്റി റദ്ദാക്കി.
കളമശേരി മെഡിക്കൽ കോളേജിലെ അറ്റൻഡർ, സ്വീപ്പർ തസ്തികകളില ഒഴിവുകളിൽ ആളുകളെ കണ്ടെത്താൻ കുടുംബശ്രീ മിഷനെയാണ് ചുമതലപ്പെടുത്തിയത്. കുടുംബശ്രീ ജില്ലാ മിഷൻ ഇത് കളമശേരി മുൻസിപ്പാലാറ്റിയിലെ രണ്ട് സിഡിഎസുമാർക്ക് കൈമാറി. ഇതിൽ ഈസ്റ്റ് മേഖല സിഡിഎസ് നൽകിയ പട്ടികയാണ് വിവാദമായത്. കളമശേരി മുൻസിപ്പാലിറ്റിയിലെ അയൽക്കൂട്ടങ്ങളിലെ അംഗങ്ങളോ അവരുടെ ആശ്രിതരോ ആയിരിക്കണമെന്നാണ് മാനദണ്ഡം. എന്നാൽ അയൽക്കൂട്ടങ്ങളുമായി ചർച്ച ചെയ്യാതെ പട്ടിക നൽകിയെന്നും മലയാറ്റൂർ സ്വദേശി അടക്കം അഞ്ച് പേരെ ഉൾപ്പെടുത്തിയെന്നുമാണ് പരാതി. മുനിസിപ്പാലിറ്റിക്ക് പുറത്തുള്ളവർക്ക് ജോലി നൽകാൻ ഈസ്റ്റ് സിഡിഎസ് നൽകിയ ശുപാർശ കത്തും പുറത്തായി.
അയൽക്കൂട്ടങ്ങളുമായി ചർച്ച ചെയ്താണ് പട്ടിക തയാറാക്കിയതെന്നാണ് ഈസ്റ്റ് സി ഡി എസിൻ്റെ വിശദീകരണം. താത്കാലിക നിയമനം കിട്ടിയവർക്കെതിരെ നടപടി എടുത്തിട്ടില്ല. എന്നാൽ അടുത്ത ഒഴിവുകളിലേക്ക് കുടുംബശ്രീ നൽകിയ 35 പേരുടെ പട്ടികയാണ് നഗരസഭ പരിശോധിച്ചത്. ഈ പട്ടിക കൗൺസിൽ റദ്ദാക്കി. കുടുംബശ്രീ നൽകുന്ന പട്ടിക മെഡിക്കൽ കോളേജ് സൂപ്രണ്ട് ഉൾപ്പെട്ട സംഘം അഭിമുഖം നടത്തിയാണ് താത്കാലിക നിയമനം നടത്തുന്നത്. പട്ടിക തയ്യാറാക്കുന്നതിൽ പോലും മാനദണ്ഡങ്ങളുടെ ലംഘനം പിടിക്കപ്പെട്ടതോടെ താത്കാലിക നിയമനങ്ങളുടെ സുതാര്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam