പൊലീസ് തിരികെപ്പോയതോടെ സജീവ് വീണ്ടും വാഹനവുമായി സ്ഥലത്തെത്തി സംഘർഷം സൃഷ്ടിക്കുകയായിരുന്നു. ഇതോടെ പൊലീസ് വീണ്ടും സ്ഥലത്തെത്തി. പറഞ്ഞു വിടാൻ ശ്രമിച്ചതോടെ ഇയാൾ പൊലീസിന് നേരെ തിരിഞ്ഞു.
കൊല്ലം: വളർത്തു നായയുമായി എത്തി ക്ഷേത്ര പരിപാടിയ്ക്കിടെ ഗുണ്ടാ നേതാവിന്‍റെ പരാക്രമം. പത്തനാപുരം പിടവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിനിടെയാണ് മണ്ണ് മാഫിയ സംഘത്തിലെ തലവനായ ഗുണ്ടാ നേതാവ് പരാക്രമം കാട്ടിയത്. പത്തനാപുരം സ്വദേശി സജീവ് ആണ് ക്ഷേത്രത്തിൽ തന്റെ അൽസേഷ്യൻ നായയുമായി എത്തി സംഘർഷം സൃഷ്ടിച്ചത്. സംഘർഷാവസ്ഥയിലേക്ക് കടന്നതോടെ ക്ഷേത്ര ഭരണ സമിതി പൊലീസിൽ വിവരം അറിയിച്ചു. പത്തനാപുരം പോലീസ് സ്ഥലത്തെത്തി സജീവിനെ വീട്ടിലേക്ക് മടക്കി അയച്ചു.
എന്നാൽ പൊലീസ് തിരികെപ്പോയതോടെ സജീവ് വീണ്ടും വാഹനവുമായി സ്ഥലത്തെത്തി സംഘർഷം സൃഷ്ടിക്കുകയായിരുന്നു. ഇതോടെ പൊലീസ് വീണ്ടും സ്ഥലത്തെത്തി. പറഞ്ഞു വിടാൻ ശ്രമിച്ചതോടെ ഇയാൾ പൊലീസിന് നേരെ തിരിഞ്ഞു. പൊലീസുകാരെ വണ്ടിയിടിച്ച് പരിക്കേൽപ്പിക്കുകയും പൊലീസ് വാഹനത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്തു. സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് നേരെ സജീവ് തന്റെ ഓഫ് റോഡ് വാഹനം ഇടിച്ചു കയറ്റുകയായിരുന്നു. ആക്രമണത്തിൽ പൊലീസ് ജീപ്പിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
ആക്രമണത്തിൽ സിവിൽ പൊലീസ് ഓഫീസർ അനീഷ് മോഹനന് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ പത്തനാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നാലെ സജീവ് ഓടി രക്ഷപ്പെട്ടു. പ്രതിയ്ക്കായ് പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും സജീവിനെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തു. സജീവനെതിരെ ഗുണ്ടാ നിയമപ്രകാരം നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.


