
തിരുവനന്തപുരം: ആറ്റിങ്ങൽ കല്ലമ്പലം വെയിലൂരില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറിയുള്ള അപകടത്തിന്‍റെ ഞെട്ടല്‍ മാറും മുമ്പ് വീണ്ടുമൊരു മരണം. കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ച ശ്രേഷ്ഠ വിജയ്ക്ക് പിന്നാലെ ഉറ്റ സുഹൃത്ത് വീടിനുള്ളില്‍ തൂങ്ങിമരിച്ചു. ആലംകോട് പുളിമൂട് പ്രസന്നാഭവനിൽ പുഷ്പ്പരാജൻ പ്രമീള ദമ്പതികളുടെ മകൻ അശ്വിൻ രാജ് (22) നെയാണ് ഉറ്റ സുഹൃത്തിന്‍റെ വിയോഗം താങ്ങാനാവാതെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം.
കഴിഞ്ഞ ദിവസം കല്ലമ്പലം കെറ്റിസിറ്റി കോളേജിന് സമീപത്തെ ബസ് സ്റ്റോപ്പിൽ വെച്ച് അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു മരണപ്പെട്ട മാമം സ്വദേശി ശ്രേഷ്ഠ വിജയും അശ്വിനും സ്കൂള്‍ കാലം മുതൽക്കേ അടുത്ത സുഹൃത്തായിരുന്നു. ശ്രേഷ്ഠയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് വീട്ടിൽ മടങ്ങിയെത്തിയ അശ്വിൻ മുകളിലത്തെ മുറിയിൽ ഉറങ്ങാനായി പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കാണാതിരുന്നതിൽ സംശയം തോന്നിയ വീട്ടുകാർ മുറിയിലെത്തി നോക്കിയപ്പോഴാണ് അശ്വിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ അശ്വിനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ബന്ധുക്കൾക്ക് വിട്ട് നൽകി. രണ്ടു ദിവസം മുമ്പെയാണ് ദേശീയ പാതയിൽ ആറ്റിങ്ങൽ കല്ലമ്പലം വെയിലൂരില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറി അപകടമുണ്ടായത്. അപകടത്തില്‍ കോളജ് വിദ്യാര്‍ത്ഥിനി മരണപ്പെടുകയും 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കെ.ടി.സി.ടി ആര്‍ട്‌സ് കോളേജിലെ എം.എ ഇംഗ്ലീഷ് വിദ്യാര്‍ഥിനിയും ആറ്റിങ്ങല്‍ സ്വദേശിനിയുമായ ശ്രേഷ്ഠ എം വിജയ് ആണ് മരിച്ചത്. 22 വയസായിരുന്നു. ശ്രേഷ്ഠയുടെ മരണത്തോടെ അശ്വിന്‍ അതീവ ദുഖിതനായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. ബസ് സ്റ്റോപ്പില്‍ എത്തിയ വിദ്യാര്‍ഥികള്‍ സ്വകാര്യ ബസില്‍ കയറുന്നതിനിടെയാണ് അപകടമുണ്ടായത്. കൊല്ലം ഭാഗത്ത് നിന്ന് അമിത വേഗത്തിൽ വന്ന കാര്‍ നിയന്ത്രണം വിട്ട് ബസിന് പിന്നിൽ ഇടിക്കുകയും തുടർന്ന് ഇവിടെ നിന്നിരുന്ന വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് പാഞ്ഞു കയറുകയുമായിരുന്നു. മൂന്ന് വിദ്യാർത്ഥികൾ വാഹനത്തിന് അടിയിൽപ്പെട്ടു. നിരവധി പേര്‍ ഇടിയുടെ ആഘാതത്തിൽ പല ഭാഗത്തേക്ക് തെറിച്ചു വീണു. നാട്ടുകാർ ഉടൻ പരിക്ക് പറ്റിയവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് പറ്റിയ പലർക്കും ശരീരത്തിൽ എല്ലുകൾക്ക് പൊട്ടൽ ഏറ്റിട്ടുണ്ട്. കാർ ഓടിച്ച കൊല്ലം അഞ്ചാലുംമൂട് സ്വദേശി അനി പൊലീസ് കസ്റ്റഡിയിലാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Read More : പരാതിക്കാരിയോട് ലൈംഗികാതിക്രമം, 11 തവണ വകുപ്പ് തല നടപടി; ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടറെ പിരിച്ചുവിട്ട് ഡിജിപി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam