'സ്വന്തം കൈയ്യേറ്റം' പൊളിച്ചുമാറ്റി കല്‍പ്പറ്റ നഗരസഭ; നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഊര്‍ജ്ജിത നടപടി

By Web TeamFirst Published Oct 25, 2019, 12:35 PM IST
Highlights

നഗരമധ്യത്തിലൂടെ കടന്നുപോകുന്ന തോട് നഗരസഭ തന്നെ മണ്ണിട്ട് നികത്തി കെട്ടിടം നിര്‍മിച്ചതും ഇതിനെ തുടര്‍ന്ന് നഗരത്തിലുണ്ടായ വെള്ളക്കെട്ടും വന്‍പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. സ്വന്തം കൈയ്യേറ്റം അധികൃതര്‍ പിറ്റേന്ന് തന്നെ പൊളിച്ചു നീക്കി. 
 

കല്‍പ്പറ്റ: കഴിഞ്ഞ ദിവസം നഗരത്തിലുണ്ടായ വെള്ളക്കെട്ടിനെ തുടര്‍ന്ന് പ്രതിരോധത്തിലായ കല്‍പ്പറ്റ നഗരസഭ കൈയ്യേറ്റം ഒഴിപ്പിക്കലും ഓട വൃത്തിയാക്കലുമടക്കമുള്ള പരിഹാരനടപടികളുമായി വിവാദം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ്. നഗരമധ്യത്തിലൂടെ കടന്നുപോകുന്ന തോട് നഗരസഭ തന്നെ മണ്ണിട്ട് നികത്തി കെട്ടിടം നിര്‍മിച്ചതും ഇതിനെ തുടര്‍ന്ന് നഗരത്തിലുണ്ടായ വെള്ളക്കെട്ടും വന്‍പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. സ്വന്തം കൈയ്യേറ്റം അധികൃതര്‍ പിറ്റേന്ന് തന്നെ പൊളിച്ചു നീക്കി. 

ഓടകളില്‍ അടിഞ്ഞിട്ടുള്ള മണ്ണ് നീക്കുന്ന ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിനെതിരെ ഹൈക്കോടതി തന്നെ രംഗത്ത് വന്ന പശ്ചാത്തലത്തില്‍ കൂടിയാണ് അധികൃതര്‍ വേഗത്തില്‍ നടപടികളുമായി മുന്നോട്ടുപോകുന്നത്. തോട് കൈയ്യേറി കെട്ടിടം നിര്‍മിച്ചതിനെതിരെ ആരെങ്കിലും കോടതിയിലെത്തിയാല്‍ നഗരസഭ കുടുങ്ങുമെന്നുറപ്പാണ്. ഈ സാഹചര്യത്തില്‍ ഇനിയൊരു വെള്ളക്കെട്ട് വരാതെ നോക്കുയാണ് അധികൃതര്‍. 

Latest Videos

അതിരാവിലെ തന്നെ നഗരസഭ ശുചീകരണ തൊഴിലാളികള്‍ വെള്ളം കെട്ടിനില്‍ക്കുന്ന ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. എസ്.കെ.എം.ജെ സ്‌കൂള്‍ പരിസരത്താണ് ഓടകള്‍ പ്രധാനമായും അടഞ്ഞുകിടക്കുന്നത്. നഗരത്തില്‍ പല ഭാഗത്ത് നിന്നുമായി വെള്ളം ഇവിടേക്കാണ് ഒഴുകിയെത്തുന്നത്. ഓടകള്‍ അടഞ്ഞതോടെ സ്‌കൂള്‍ പറമ്പിലെ വെള്ളം പോലും റോഡില്‍ ഒഴുകി പരക്കുന്ന സ്ഥിതിയാണ്. സാമാന്യം നല്ല താഴ്ചയുള്ള ഓടകളില്‍ മുട്ടിനൊപ്പം ചെളി അടിഞ്ഞു കൂടിയ അവസ്ഥയുണ്ട്. ഇത് പൂര്‍ണമായും ഒഴിവാക്കാനാണ് ശ്രമം.

കൊച്ചി പോലെയുള്ള വന്‍നഗരങ്ങളില്‍ വെള്ളക്കെട്ട് സ്വാഭാവികമാകാം. എന്നാല്‍ വെള്ളം ഒഴുക്കി കളയാന്‍ സൗകര്യമുണ്ടായിരിക്കെ അധികൃതരുടെ പിടിപ്പുകേടാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നതെന്നാണ് കച്ചവടക്കാരുടെയും നഗരവാസികളുടെയും ആരോപണം. അതിനിടെ വ്യാപര സ്ഥാപനങ്ങള്‍ അടക്കമുള്ളവയുടെ കൈയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.  

click me!