കല്യാണ്‍ ജ്വല്ലറിയുടെ ഒരു കോടി രൂപയുടെ സ്വര്‍ണ്ണം തട്ടിയത് കോടാലി ശ്രീധരന്റെ നേതൃത്വത്തിലെന്ന് സൂചന

By Web TeamFirst Published Jan 11, 2019, 1:42 PM IST
Highlights

കോയമ്പത്തൂരില്‍ കല്യാണ്‍ ജ്വല്ലറിയുടെ ഒരു കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം തട്ടിയെടുത്തത് ഹൈവേകളില്‍ കവര്‍ച്ച നടത്തുന്ന കോടാലി ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘമെന്ന് സൂചന. 

തൃശൂര്‍: കോയമ്പത്തൂരില്‍ കല്യാണ്‍ ജ്വല്ലറിയുടെ ഒരു കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം തട്ടിയെടുത്തത് ഹൈവേകളില്‍ കവര്‍ച്ച നടത്തുന്ന കോടാലി ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘമെന്ന് സൂചന. കോടാലി ശ്രീധരന്റെ ഉറ്റ അനുയായി മലപ്പുറം വള്ളാമ്പുറം സ്വദേശിക്കായി കോയമ്പത്തൂര്‍ എസ്.പി.യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേരളത്തില്‍ തിരച്ചിലാരംഭിച്ചു. കവര്‍ച്ചാസംഘത്തിന്റെ നിര്‍ണ്ണായക സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. 

കഴിഞ്ഞ തിങ്കളാഴ്ച  ഉച്ചയ്ക്ക് കോയമ്പത്തൂരിനും വാളയാറിനുമിടയില്‍വെച്ചാണ് കല്യാണ്‍ ജ്വല്ലേഴ്സിന്റെ വാഹനം ആക്രമിച്ച് ഒരു കോടി രൂപ വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്തത്. ചാവടി പെട്രോള്‍ പമ്പിനടുത്തായി, ജ്വല്ലറി ജീവനക്കാര്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു വാഹനം ഇടിപ്പിച്ച ശേഷമാണ് സ്വര്‍ണ്ണവും കാറും തട്ടിയെടുത്തത്. 

വാളയാറിലെ ചെക്ക്പോസ്റ്റ് വഴി കടന്നുപോയ വാഹനങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് കൊള്ളസംഘത്തെ കുറിച്ച് സൂചന ലഭിച്ചു. ഹവാല, കുഴല്‍പ്പണ കടത്ത് സംഘങ്ങളെ ആക്രമിച്ച് പണം തട്ടിയെടുക്കുന്ന കോടാലി ശ്രീധരന്റെ സംഘമാണ് കൊള്ളയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു.  

ശ്രീധരന്റെ സംഘത്തില്‍പ്പെട്ട മലപ്പുറം സ്വദേശി ഷംസുദ്ദീന്‍ എന്ന നാണിയെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കോയമ്പത്തൂര്‍ എസ്.പി.യുടെ പ്രത്യേക അന്വേഷണ സംഘം തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധയിടങ്ങളില്‍ തിരച്ചില്‍ ആരംഭിച്ചു. കവര്‍ച്ചക്കാര്‍ തട്ടിയെടുത്ത കാര്‍ മധുക്കര സ്റ്റേഷന്‍ പരിധിയിലെ കറുപ്പന്‍കരയെന്ന സ്ഥലത്ത് നിന്ന് കണ്ടെത്തു. കോടാലി ശ്രീധരന്‍ പ്രതിയായിട്ടുള്ള സമാന കേസുകളില്‍ തട്ടിയെടുത്ത വാഹനങ്ങള്‍ ഇവിടെയായിരുന്നു ഉപേക്ഷിച്ചിരുന്നത്.

click me!