കോഴിക്കോട് പുറമേരിയില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ ഏഴ് കാട്ടുപന്നികള്‍ അടങ്ങുന്ന ഒരു കൂട്ടം വീണു. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍, എം പാനല്‍ ഷൂട്ടറുടെ സഹായത്തോടെ കിണറ്റില്‍ വെച്ച് തന്നെ പന്നികളെ വെടിവെച്ചുകൊന്നു.
കോഴിക്കോട്: കിണറ്റില്‍ വീണ കാട്ടുപന്നിക്കൂട്ടത്തെ വെടിവെച്ചു കൊന്നു. കോഴിക്കോട് നാദാപുരത്തിനടുത്ത് പുറമേരിയിലാണ് സംഭവം. തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വെടിവെക്കുകയായിരുന്നു. പുറമേരി എസ്.പി എല്‍.പി സ്‌കൂളിന് സമീപം താമസിക്കുന്ന പരപ്പില്‍ സഫിയയുടെ വീട്ടുപറമ്പിലെ ആള്‍മറയില്ലാത്ത കിണറ്റിലാണ് പന്നിക്കൂട്ടം വീണത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കിണറ്റില്‍ നിന്ന് ശബ്ദം കേട്ട് നോക്കിയപ്പോഴാണ് പന്നികളെ കണ്ടത്. നാല് വലിയവയും മൂന്ന് ചെറിയ പന്നികളുമാണ് ഉണ്ടായിരുന്നത്. അഗ്നിരക്ഷാസേന സ്ഥലത്തെത്തി. പിന്നീട് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ എം പാനല്‍ ഷൂട്ടര്‍ പ്രദീപ് കുമാര്‍, സഹായികളായ സ്‌നിഷില്‍ ലാല്‍, ബിനില്‍ എന്നിവര്‍ ചേര്‍ന്ന് കിണറ്റില്‍ തന്നെ ഇവയെ വെടിവച്ച് കൊല്ലുകയായിരുന്നു. പിന്നീട് അഗ്നിരക്ഷാ സേന ജഡം പുറത്തെത്തിച്ചു.


