കൈകളില്ലെങ്കിലും... കൺമണിയുടെ വിജയത്തിന് സ്വര്‍ണ്ണത്തിളക്കം

By Web TeamFirst Published May 10, 2019, 11:20 PM IST
Highlights

അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രിയങ്കരിയായ കൺമണി സഹായിയെ വെച്ച് പരീക്ഷ എഴുതാൻ അവസരമുണ്ടായിട്ടും ഒന്നിൽപോലും  മറ്റൊരാളുടെ സഹായം തേടിയിട്ടില്ല. കാലുകൊണ്ടാണ് എല്ലാം പരീക്ഷയും അവള്‍ എഴുതിയത്. 
 


ചാരുംമൂട് : കൈകൾ ഉണ്ടായിട്ടും വിജയം നേടാത്തവർക്ക് കൺമണി ഒരു പാഠമാണ്. ഇരു കൈകളുമില്ലാതെ  കാലുകൊണ്ട് പരീക്ഷയെഴുതി പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയിരിക്കുകയാണ് ഈ മിടുമിടുക്കി. പ്ലസ്ടു പരീക്ഷയ്ക്ക് ഹിന്ദിക്ക് എ പ്ലസ് ഗ്രേഡുണ്ട്. ഇക്കണോമിക്സിനും ഇംഗ്ലീഷിനും എ ഗ്രേഡും, അക്കൗണ്ടൻസിക്കും ബിസിനസ് സ്റ്റഡീസിനും കംപ്യൂട്ടർ ആപ്ലിക്കേഷനും ബി പ്ലസ് ഗ്രേഡും നേടി. എസ്എസ്എൽസി പരീക്ഷയിലും മികച്ച വിജയം നേടിയിരുന്നു. 

ഒൻപത് വിഷയങ്ങൾക്ക് എ പ്ലസും ഒരു വിഷയത്തിന് ബി പ്ലസും നേടി. ചാരുംമൂട് താമരക്കുളം വിവിഎച്ച്എസ്എസിലെ വിദ്യാർഥിനിയാണ് കൺമണി. മാവേലിക്കര അറന്നൂറ്റിമംഗലം അഷ്ടപദിയിൽ ജി ശശികുമാറിന്‍റെയും രേഖ ശശികുമാറിന്‍റെയും  മകളായ കൺമണിക്ക് ജന്മനാ ഇരുകൈകളുമില്ല. കാലുകൾക്കും പൂർണ വളർച്ചയില്ലാത്തതിനാൽ നടക്കുന്നതിന് പോലും ഏറെ ബുദ്ധിമുട്ടുണ്ട്. 

എങ്കിലും അവള്‍ കാലുകൾ കൊണ്ട് എഴുതാൻ പഠിച്ചു. 'മിടുക്കിയായ കൺമണിക്ക് സ്നേഹവും കരുതലും നൽകി അധ്യാപകരും രക്ഷിതാക്കളും ഒപ്പം നിന്നു. അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രിയങ്കരിയായ കൺമണി സഹായിയെ വെച്ച് പരീക്ഷ എഴുതാൻ അവസരമുണ്ടായിട്ടും ഒന്നിൽപോലും  മറ്റൊരാളുടെ സഹായം തേടിയിട്ടില്ല. കാലുകൊണ്ടാണ് എല്ലാം പരീക്ഷയും അവള്‍ എഴുതിയത്. 

ഇല്ലായ്മകളെ വെല്ലുന്ന ഉണ്മയിൽ മനക്കരുത്ത് കൊണ്ട് വിജയം കീഴടക്കുന്ന കൺമണി കലാരംഗത്തും തന്‍റെ പ്രതിഭയുടെ കൈയൊപ്പ് ചാർത്തിയിട്ടുണ്ട്. സംസ്ഥാന കലോത്സവത്തിൽ അഞ്ച് വർഷമായി താരമാണ് കൺമണി. ശാസ്ത്രീയ സംഗീതത്തിലും അഷ്ടപദിയിലും കഥകളി സംഗീതത്തിലും സംസ്ഥാനതലത്തിൽ എ ഗ്രേഡോടു കൂടി മികവ് പുലർത്താൻ കൺമണിക്കായി. 

കാലുകൾ കൊണ്ട് കൺമണി മനോഹരമായ ചിത്രങ്ങൾ വരക്കും. ചിത്രരചനാ മത്സരങ്ങളിൽ കാലുകൊണ്ട് ചിത്രം വരച്ച് കൺമണി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. രാഷ്ട്രപതി ഭവനിൽ നടന്ന കൾച്ചറൽ പ്രോഗ്രാമിൽ പങ്കെടുത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ ആദരം ഏറ്റുവാങ്ങി. നാനൂറോളം വേദികളിൽ സംഗീതക്കച്ചേരി നടത്തിയിട്ടുണ്ട് ഈ കൊച്ചുമിടുക്കി.
തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിൽ ബിഎ സംഗീതം എടുത്ത് പഠിക്കാനാണ് ആഗ്രഹം. സഹോദരൻ മണികണ്ഠൻ.

click me!