
കണ്ണൂർ: കണ്ണൂർ കൈതപ്രത്തെ ഓട്ടോ ഡ്രൈവർ രാധാകൃഷ്ണന്റെ കൊലപാതകത്തെകുറിച്ച് ഭാര്യ മിനി നമ്പ്യാർക്ക് നേരത്തേ അറിവുണ്ടായിരുന്നെന്ന് പൊലീസ്. പ്രതിയായ സന്തോഷിന് രാധാകൃഷ്ണന്റെ ലൊക്കേഷൻ വിവരങ്ങളടക്കം നൽകിയതും മിനി നമ്പ്യാരെന്ന് കണ്ടെത്തൽ. കഴിഞ്ഞ ദിവസമാണ് രാധാകൃഷ്ണന്റെ കൊലപാതകത്തിൽ ഗൂഢാലോചനാക്കുറ്റം ചുമത്തി ഭാര്യയും ബിജെപി മുൻ ജില്ലാ കമ്മിറ്റി അംഗവുമായ മിനി നമ്പ്യാരെ പൊലീസ് അറസ്റ്റ് ചെയ്തത്.
രാധാകൃഷ്ണന്റെ കൊലപാതകത്തിൽ ഡിജിറ്റൽ തെളിവുകളുടെ സഹായത്തോടെയാണ് മിനിയുടെ പങ്ക് പൊലീസ് കണ്ടെത്തിയത്. മിനിയും സന്തോഷും തമ്മിലുള്ള സൗഹൃദം തുടങ്ങുന്നത് ഫെയ്സ്ബുക്കിലൂടെയാണ്. റീൽസുകൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്ന പതിവുണ്ടായിരുന്നു മിനി നമ്പ്യാർക്ക്. ഒരു വർഷം മുൻപ് ഫേസ്ബുക്കിലിട്ട പോസ്റ്റിന് സന്തോഷിന്റെ കമന്റ്, തിരിച്ച് മിനിയുടെ ലൈക്ക്. പിന്നെ ചാറ്റിങിലൂടെ ബന്ധം വളർന്നു. സഹപാഠിയെന്ന് കള്ളം പറഞ്ഞ് വീട്ടിലെത്തിച്ചു. പുതിയ വീടിന്റെ നിർമാണമടക്കം സന്തോഷിനെ ഏൽപ്പിച്ചു. കുറഞ്ഞ കാലയളവിനിടയിൽ മിനി സന്തോഷുമായി നടത്തിയത് മൂവായിരത്തോളം ഫോൺകോളുകളെന്ന് പൊലീസ് പറയുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം പല തവണ രാധാകൃഷ്ണൻ വിലക്കിയിരുന്നു. ഭർത്താവിന് വധഭീഷണിയുണ്ടെന്നറിഞ്ഞിട്ടും വിവരം പൊലീസിലറിയിക്കാൻ മിനി മുതിർന്നില്ലെന്നാണ് കണ്ടെത്തൽ. രാധാകൃഷ്ണനെ തട്ടിക്കളയും എന്ന് സന്തോഷ് മിനിയ്ക്ക് വാട്സാപ്പ് സന്ദേശമയച്ചതിനും തെളിവുകളുണ്ട്.
മാർച്ച് 20നായിരുന്നു കൈതപ്രത്തെ പണി നടക്കുന്ന വീട്ടിൽ വച്ച് സന്തോഷ് രാധാകൃഷ്ണനെ വെടിവെച്ച് കൊന്നത്. അന്നേ ദിവസം രാധാകൃഷ്ണനൊപ്പമുണ്ടായിരുന്ന മകനെ മിനി നിരന്തരം ഫോണിൽ വിളിച്ചു. രാധാകൃഷ്ണന്റെ കൃത്യമായ ലൊക്കേഷൻ മനസിലാക്കലായിരുന്നു ലക്ഷ്യം. കൊലപാതകത്തിന് മുമ്പും ശേഷവും സന്തോഷ് മിനിയുമായി ഫോണിൽ ബന്ധപ്പെട്ടെന്നും പൊലീസ് പറയുന്നു. മിനിയും സന്തോഷുമായുള്ള ബന്ധമറിഞ്ഞ് രാധാകൃഷ്ണൻ മിനിയെ ഉപദ്രവിച്ചതിലുള്ള ദേഷ്യമാണ് കൊലക്ക് പിന്നിലെന്ന് സന്തോഷ് നേരത്തേ സമ്മതിച്ചിരുന്നു.
വ്യക്തിപരമായ പ്രശ്നങ്ങളിൽ സന്തോഷിനെതിരെ രാധാകൃഷ്ണൻ രണ്ട് മാസം മുൻപ് പരിയാരം പൊലീസിൽ പരാതി നൽകിയതും പ്രകോപനമായി. കൊലയ്ക്ക് മണിക്കൂറുകൾക്ക് മുൻപ് തോക്ക് കൈയിൽ പിടിച്ചു നിൽക്കുന്ന ചിത്രം സന്തോഷ് ഫേസ്ബുക്കിൽ പങ്കുവെച്ചു,പിന്നെ കൊലപാതകം. കേസിലെ മൂന്നാം പ്രതിയാണ് മിനി. സന്തോഷിന് തൂക്ക് നൽകിയ രണ്ടാം പ്രതിയായ സിജോ ജോസഫിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. 2020 ലെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ചെറുകുന്ന് ഡിവിഷനിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു മിനി നമ്പ്യാർ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam