
തിരുവനന്തപുരം: ഉറങ്ങിക്കിടന്ന പെൺകുട്ടികളുടെ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊള്ളലേറ്റ ചികിത്സയിലായിരുന്ന ആറാം ക്ലാസ് വിദ്യാർഥിനി മരിച്ചു. മദ്യലഹരിയിലുള്ള അച്ഛൻ നാഗരാജന്‍റെ ക്രൂരതയിൽ മകൾ ധൻസിഹ (11) യ്ക്കാണ് ജീവൻ നഷ്ടമായത്. പൊള്ളലേറ്റ സഹോദരി അസ്മിത (9) ഗുരുതരാവസ്ഥയിൽ ആശാരി പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കന്യാകുമാരി ചുങ്കാൻ കട പരശ്ശേരി രാജഗോപാൽ തെരുവിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
സംഭവം ഇങ്ങനെ
ബുധനാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. കുട്ടികളുടെ അച്ഛനായ നാഗരാജൻ മദ്യലഹരിയാണ് വീട്ടിലെത്തിയത്. ആ സമയം വീട്ടിൽ ഭാര്യ അനിത ഇല്ലായിരുന്നു. മദ്യലഹരിയിലായിരുന്ന നാഗരാജൻ ഉറങ്ങിക്കിടന്ന പെൺകുട്ടികളുടെ ശരീരത്ത് മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയ ശേഷം സ്വയം ശരിരത്തിൽ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി മരിക്കുകയായിരുന്നു. ദിവസവും ഭർത്താവായ നാഗരാജൻ മദ്യപിച്ചെത്തിയ ശേഷം ഭാര്യയെ മർദ്ദിക്കുന്നത് പതിവാണെന്നാണ് പരിസരത്തുള്ളവർ പറയുന്നത്. മദ്യപാനിയായ നാഗരാജൻ വീട്ടു ചെലവിനുപോലും പണം കൊടുക്കാറില്ലെന്നും സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഭാര്യ അനിത വീടിന് സമീപത്തെ ബേക്കറിയിൽ ജോലി ചെയ്തുവരുകയായിരുന്നുവെന്ന് ഇരണിയൽ പൊലീസ് പറഞ്ഞു.
ബുധനാഴ്ച ബേക്കറിയിൽ അധികം ജോലി ഉള്ളതിനാൽ ഭാര്യ വൈകിയതാടെ ഭർത്താവ് പ്രകോപിതനായി വീട്ടിനുള്ളിൽ ഉറങ്ങികിടന്ന പെൺകുട്ടികളുടെ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയ ശേഷം സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ഭർത്താവായ നാഗരാജൻ സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. കുട്ടികൾ രണ്ടു പേരും ഗുരുതരാവസ്ഥയിൽ നാഗർകോവിൽ ആശാരി പള്ളം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. എന്നാൽ ഗുരതരാവസ്ഥയിലായിരുന്ന ധൻസിഹ കഴിഞ്ഞ ദിവസം രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സഹോദരി അസ്മിത ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
(ചിത്രത്തിൽ അച്ഛന്‍റെ കയ്യിലിരിക്കുന്ന മകളാണ് മരിച്ചത്)