കരമന കൂടത്തിൽ കൊലപാതക കേസ്: പ്രതി രവീന്ദ്രൻ നായരുടെ ജാമ്യാപേക്ഷ കോടതി തള്ളി

Published : Oct 29, 2026, 05:09 PM IST
koodam murder

Synopsis

കരമന കൂടത്തിൽ തറവാട്ടിലെ ജയമാധവൻ നായരെ കൊലപ്പെടുത്തിയ കേസിൽ പ്രതി രവീന്ദ്രൻ നായരുടെ ജാമ്യാപേക്ഷ കോടതി തള്ളി. സ്വത്ത് തട്ടിയെടുക്കാൻ ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.

​തിരുവനന്തപുരം: കരമന കാലടി കൂടത്തിൽ തറവാട്ടിലെ ജയമാധവൻ നായരെ കൊലപ്പെടുത്തിയ കേസിൽ പ്രതി രവീന്ദ്രൻ നായരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ ശക്തമായ തെളിവുകളുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. കൊലപാതകം പോലെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ജാമ്യാപേക്ഷ പരിഗണിക്കേണ്ടത് മേൽക്കോടതിയാണെന്ന പ്രോസിക്യൂഷന്റെ നിലപാടും കോടതി ശരിവെച്ചു. ​താൻ തികച്ചും നിരപരാധിയാണെന്നും കേസിൽ മനഃപൂർവം കുടുക്കിയതാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദങ്ങൾ കോടതി തള്ളിക്കളഞ്ഞു. കോടികൾ വിലമതിക്കുന്ന തറവാട് സ്വത്തുക്കൾ തട്ടിയെടുക്കാൻ പ്രതി ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.

​കേരളത്തെ നടുക്കിയ കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പര പുറത്തുവന്നതിനു പിന്നാലെയാണ് തലസ്ഥാനത്തെ കൂടത്തിൽ കുടുംബത്തിലെ ദുരൂഹമരണങ്ങളിലും ബന്ധുക്കൾ സംശയമുന്നയിച്ച് രംഗത്തെത്തിയത്. കഴിഞ്ഞ 15 വർഷത്തിനിടെ കുടുംബത്തിലെ ഏഴുപേരാണ് ദുരൂഹ സാഹചര്യങ്ങളിൽ മരിച്ചത്. തുടർന്ന് ക്രൈംബ്രാഞ്ച് നടത്തിയ വിശദമായ അന്വേഷണത്തിൽ, 2017 ൽ നടന്ന ജയമാധവൻ നായരുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയും രവീന്ദ്രൻ നായരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ബ്രെയിൻ മാപ്പിംഗ് അടക്കം നിർണായകമായി

വർഷങ്ങൾ നീണ്ട നിഗൂഢതകൾക്കൊടുവിലാണ് 2017 ൽ ജയമാധവൻ നായർ കൊല്ലപ്പെട്ട സംഭവത്തിൽ കുടുംബത്തിന്റെ കാര്യസ്ഥനായ രവീന്ദ്രൻ നായരെ ഈ മാസം 13 ന് പോലീസ് അറസ്റ്റ് ചെയ്തത്. കൂടം കുടുംബത്തിൽ വിവിധ കാലഘട്ടങ്ങളിലായി ദുരൂഹ സാഹചര്യത്തിൽ ഏഴ് പേർ കൊല്ലപ്പെട്ട സംഭവങ്ങൾ വലിയ ചർച്ചയായിരുന്നു. മുഖ്യപ്രതിയായ കാര്യസ്ഥൻ രവീന്ദ്രൻ നായർക്കൊപ്പം അനില്‍, സാജു എന്നിവരും കൊലപാതകത്തിൽ പങ്കാളികളാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. 2017 ലെ ജയമാധവൻ നായരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ ശാസ്ത്രീയ അന്വേഷണങ്ങളും ബ്രെയിൻ മാപ്പിംഗ് പരിശോധനയുമാണ് കേസിൽ നിർണായക വഴിതിരിവായത്. സ്വത്ത് മുഴുവൻ കൈവശപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജയമാധവനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. തല ചുമരിൽ ഇടിച്ചും കടിച്ചും പരിക്കേൽപ്പിച്ച ശേഷം, ഗുരുതരമായ അവസ്ഥയിലായ ഇയാളെ അടുത്ത ദിവസമാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും ജയമാധവൻ നായർ മരണപ്പെട്ടിരുന്നു. കൂടം കുടുംബത്തിലെ ദുരൂഹ മരണങ്ങൾ ചുരുളഴിക്കുന്നതിനുള്ള അന്വേഷണം ഊർജിതമായത് ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയ്ക്ക് പിന്നാലെയാണ്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മദ്യലഹരിയിൽ യൂണിഫോമിൽ ബോധമില്ലാതെ എക്സൈസ് ഉദ്യോഗസ്ഥൻ, കള്ളിക്കാട് ചെക്ക്പോസ്റ്റ് ഇന്നലെ പ്രവർത്തിച്ചത് പരിശോധനയില്ലാതെ
കൊച്ചുകുട്ടിയെ മടിയിലിരുത്തി സ്റ്റിയറിംഗിൽ പിടിപ്പിച്ച് അമിതവേഗത്തിൽ കാറോടിച്ചു, മുത്തച്ഛന്‍റെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യും