അപകടകരമായി വാഹനമോടിച്ചതിന് കഴക്കൂട്ടം പൊലീസും ബാലാവകാശ കമ്മിഷനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് പുറമേ ഇയാൾ എം.വി.ഡിയുടെ ഡ്രൈവിംഗ് പരിശീലന ക്ലാസിലും പങ്കെടുക്കണം.
തിരുവനന്തപുരം: കൊച്ചുകുട്ടിയെ മടിയിലിരുത്തി സ്റ്റിയറിംഗിൽ പിടിപ്പിച്ച് അമിതവേഗത്തിൽ കാറോടിച്ച കേസിൽ കുട്ടിയുടെ മുത്തച്ഛന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യും. ഇതിനുള്ള നടപടി കഴക്കൂട്ടം ജോയിന്റ് ആർ.ടി.ഒ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. വള്ളക്കടവ് വയ്യാമൂല സ്വദേശി സൈനുലാബ്ദീന്റെ ഡ്രൈവിംഗ് ലൈസൻസാണ് സസ്പെൻഡ് ചെയ്യുക. സൈനുലാബ്ദീനെ ആർ.ടി ഓഫീസിൽ വിളിച്ചുവരുത്തി നോട്ടീസ് നൽകിയിരുന്നു. അപകടകരമായി വാഹനമോടിച്ചു, കുഞ്ഞിന്റെ ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ പ്രവർത്തിച്ചുവെന്നും എംവിഡി സൈനുലാബ്ദീന് നൽകിയ നോട്ടീസിൽ പറയുന്നു. മകന്റെ കുഞ്ഞിനെ സൈനുലാബ്ദീൻ മടിയിലിരുത്തി കാർ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെയാണ് നടപടി. സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കേസുമെടുത്തിരുന്നു
ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് പുറമേ എം.വി.ഡിയുടെ ഡ്രൈവിംഗ് പരിശീലന ക്ലാസിൽ പങ്കെടുക്കുകയും വേണമെന്നും നോട്ടീസിൽ വ്യക്തമാക്കി. അതേസമയം കുട്ടി കരഞ്ഞപ്പോൾ മടിയിലെടുത്തു വച്ചതാണെന്നാണ് സൈനുലാബ്ദീന്റെ വിശദീകരണം. കഴിഞ്ഞ ദിവസം രാവിലെയാണ് കഴക്കൂട്ടം മേൽപ്പാലത്തിലൂടെ കുഞ്ഞിനെ മടിയിലിരുത്തി വാഹനമോടിച്ചത്. പിന്നാലെ വന്ന വാഹനങ്ങൾ ഹോൺ മുഴക്കിയിട്ടും അവഗണിക്കുകയായിരുന്നു. സംഭവത്തിൽ ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ച കമ്മീഷൻ, ജില്ലാ പൊലീസ് മേധാവിയോടും റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറോടും അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ബാലാവകാശ കമ്മിഷൻ ആവശ്യപ്പെട്ടു.






