അധ്യയനത്തിനൊപ്പം കൃഷിയിലും നൂറുമേനി കൊയ്ത് കാര്‍ത്തികപള്ളി ഗവണ്‍മെന്‍റ് സ്‌കൂള്‍

Published : Nov 27, 2018, 07:40 PM IST
അധ്യയനത്തിനൊപ്പം കൃഷിയിലും നൂറുമേനി കൊയ്ത് കാര്‍ത്തികപള്ളി ഗവണ്‍മെന്‍റ് സ്‌കൂള്‍

Synopsis

വിളവെടുക്കുന്ന സാധനങ്ങള്‍ സ്‌കൂള്‍ ഉച്ചഭക്ഷണത്തിലേക്കും മിച്ചം വരുന്നവ വിറ്റ് കിട്ടുന്ന തുക പൂര്‍ണ്ണമായും സ്‌കൂള്‍ ഉച്ചഭക്ഷണ ഫണ്ടിലേക്കുമാണ് വകയിരുത്തുന്നത്. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും മാതൃകാ കര്‍ഷകനുമായ സാജനാണ് കുട്ടി കര്‍ഷകരുടെ ഗുരു. 

ആലപ്പുഴ: അധ്യയനത്തോടൊപ്പം  വിദ്യാര്‍ത്ഥികളെ കൃഷിയും പഠിപ്പിക്കുകയാണ് കാര്‍ത്തികപ്പള്ളി ഗവ. അപ്പര്‍ പ്രൈമറി സ്‌കൂള്‍ അധികൃതര്‍. സ്‌കൂളിലിറക്കിയ വിളകള്‍ക്കെല്ലാം നൂറുമേനിയുടെ വിളവുമുണ്ട്. കൃഷിയാണ് ജീവിതത്തിനാധാരമെന്ന പാഠമാണ് വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നത്. ഇക്കുറി ചീര കൃഷിയിലാണ് നൂറു മേനി നേട്ടം. പ്രകൃതിയെ ദ്രോഹിക്കാതെ പൂര്‍ണ്ണമായും ജൈവരീതിയിലാണ് കൃഷി പാഠം. വിവിധ വിളകളുടെ കൃഷിയും കൃഷി രീതിയുമെല്ലാം കുട്ടികള്‍ക്കും അധ്യാപകര്‍ക്കും മാനസികവും ശാരീരികവുമായ ആരോഗ്യം പ്രദാനം ചെയ്യുന്നു. 

വിവിധയിനം വാഴകള്‍, ഇഞ്ചി, മഞ്ഞള്‍, ചേമ്പ്, ചേന, കപ്പ തുടങ്ങിയവയാണ് സ്‌കൂളിലെ മറ്റു പ്രധാന വിളകള്‍. കരനെല്‍ കൃഷി ചെയ്ത് നൂറുമേനി വിളവെടുത്ത ശേഷം അതേ സ്ഥലത്ത് തന്നെയാണ്  ഇക്കൊല്ലം ചീര കൃഷി. സ്‌കൂളില്‍ നിന്ന് ലഭിക്കുന്ന കാര്‍ഷിക പാഠങ്ങള്‍ വിദ്യാര്‍ത്ഥികള്‍ വീട്ടിലും പരീക്ഷിക്കുന്നു. മട്ടുപ്പാവ് കൃഷി വീടുകളിലും തുടങ്ങിയിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍.

രാവിലെ അസംബ്ലിയ്ക്ക് മുമ്പും ഇടവേളകളിലുമായി അധ്യയനത്തിന് തടസ്സമില്ലാത്ത രീതിയിലാണ് കൃഷിയും പരിചരണവും. വിളവെടുക്കുന്ന സാധനങ്ങള്‍ സ്‌കൂള്‍ ഉച്ചഭക്ഷണത്തിലേക്കും മിച്ചം വരുന്നവ വിറ്റ് കിട്ടുന്ന തുക പൂര്‍ണ്ണമായും സ്‌കൂള്‍ ഉച്ചഭക്ഷണ ഫണ്ടിലേക്കുമാണ് വകയിരുത്തുന്നത്. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും മാതൃകാ കര്‍ഷകനുമായ സാജനാണ് കുട്ടി കര്‍ഷകരുടെ ഗുരു. 

സ്‌കൂള്‍ പ്രഥമാധ്യാപകന്‍ ജെ ശിവദാസ്, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ബി കൃഷ്ണകുമാര്‍, അധ്യാപകര്‍, എസ് എം സി അംഗങ്ങളുള്‍പ്പെടെയുള്ള രക്ഷിതാക്കള്‍ എന്നിവരുടെ പൂര്‍ണ്ണ പിന്തുണ പദ്ധതിക്കുണ്ട്. 2009 ല്‍ 60 കുട്ടികളുമായി അടച്ചുപൂട്ടല്‍ ഭീഷണിയിലേക്ക് നീങ്ങിയ സ്‌കുളില്‍ ഇന്ന് 800 കുട്ടികള്‍ പഠിക്കുന്നുണ്ട്. ഈ വര്‍ഷത്തെ സംസ്ഥാനത്തെ മികച്ച പിടിഎയ്ക്കുള്ള രണ്ടാം സ്ഥാനവും കാര്‍ത്തികപള്ളി ഗവ. യു പി  സ്‌കൂള്‍ കരസ്ഥമാക്കിയിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ലോട്ടറിക്കടയിൽ മോഷണം; 5 ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റും പതിനായിരം രൂപയും കവർന്നു
കോൺഗ്രസിന് 30% വോട്ട് 8 ജില്ലകളിൽ, സിപിഎം 2 ജില്ലകളിൽ മാത്രം; ബിജെപി 20% കടന്നത് തിരുവനന്തപുരത്ത് മാത്രം, തദ്ദേശത്തിലെ യഥാർത്ഥ കണക്ക് പുറത്ത്