96-ാം വയസില്‍ 98 മാര്‍ക്ക്; കാര്‍ത്ത്യായനി മുത്തശ്ശി പൊളിയാണ്

By Web TeamFirst Published Nov 1, 2018, 4:02 PM IST
Highlights

എന്തായാലും അക്ഷരലക്ഷം പരീക്ഷയുടെ ഫലം വന്നപ്പോള്‍ പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു നേടിയിരിക്കുന്നത് കാര്‍ത്ത്യായനി മുത്തശ്ശിയാണ്

ആലപ്പുഴ: ഇനി കംപ്യൂട്ടറും ഇംഗ്ലിഷും കൂടെ പഠിക്കണം. പിന്നെ പത്താം ക്ലാസ് പരീക്ഷയെഴുതി നൂറില്‍ നൂറും വാങ്ങണം, പറയുന്നത് കാര്‍ത്ത്യായനിയമ്മയാണ്. ഓര്‍മയില്ലേ കാര്‍ത്ത്യായനിയമ്മയെ... ഹരിപ്പാട് മുട്ടം കണിച്ചനല്ലൂര്‍ എല്‍പി സ്‌കൂളില്‍ 'അക്ഷരലക്ഷം' പരീക്ഷയെഴുതിയ  തൊണ്ണൂറ്റാറുകാരിയെ അത്ര എളുപ്പം ആരും മറക്കാന്‍ സാധ്യതയില്ല,  ഒപ്പം എണ്‍പതുകാരന്‍ സഹപാഠി രാമചന്ദ്രനെയും.

കാരണം കാര്‍ത്ത്യായനിയമ്മയുടെ ഉത്തര പേപ്പര്‍ നോക്കി കോപ്പി അടിക്കുന്ന രാമചന്ദ്രന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. എന്തായാലും അക്ഷരലക്ഷം പരീക്ഷയുടെ ഫലം വന്നപ്പോള്‍ പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു നേടിയിരിക്കുന്നത് കാര്‍ത്ത്യായനി മുത്തശ്ശിയാണ്.

100 ല്‍ 98 മാര്‍ക്ക്. രാമചന്ദ്രന്‍ പിള്ളയ്ക്ക് നൂറില്‍ 86 മാര്‍ക്കാണ് കിട്ടിയത്. വായനാ വിഭാഗത്തില്‍ ഫുള്‍ മാര്‍ക്കാണ് മുത്തശ്ശിക്ക് ലഭിച്ചത്. 'പരിപൂര്‍ണ സാക്ഷരത നടപ്പിലാക്കുകയെന്ന ലക്ഷ്യത്തോടെ സാക്ഷരതാ മിഷന്‍ ആവിഷ്‌കരിച്ച 'അക്ഷരലക്ഷം' പദ്ധതിയുടെ ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് പരീക്ഷയെഴുതിയ 43,330 പേരില്‍ 42,933 പേര്‍ വിജയിച്ചു. വിജയശതമാനം 99.084. വിജയിച്ചവരില്‍ 37,166 പേര്‍ സ്ത്രീകളാണ്.

click me!