
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് താലൂക്ക് തലത്തിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും അദാലത്തിനായി തിരുവനന്തപുരം താലൂക്ക് ഒരുങ്ങി. നാളെ രാവിലെ 10 മണിക്ക് എസ് എം വി സ്കൂൾ അങ്കണത്തിൽ പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അദാലത്ത് ഉദ്ഘാടനം ചെയ്യും.
ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷതവഹിക്കും. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി. ആർ. അനിൽ മുഖ്യപ്രഭാഷണം നടത്തും. ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. അദാലത്തിൽ മൂന്ന് മന്ത്രിമാരും പരാതികൾ നേരിൽ കേട്ട് തീർപ്പാക്കും. അദാലത്തിന്റെ സുഗമമായ നടത്തിപ്പിന് എല്ലാവിധ സജ്ജീകരണങ്ങളും എസ് എം വി സ്കൂളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
ടോക്കൺ അനുസരിച്ചാണ് പരാതികൾ കേൾക്കുക. ഭിന്നശേഷിക്കാർ, പ്രായമായവർ എന്നിവരെ ആദ്യം പരിഗണിക്കും. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കുന്നതിന് പ്രത്യേക കൗണ്ടറുകൾ ഉണ്ടാകും. സംശയങ്ങൾ ദൂരീകരിക്കാൻ ഇൻഫർമേഷൻ സെന്റും സജ്ജീകരിക്കും. അദാലത്ത് കേന്ദ്രത്തിൽ കുടിവെള്ളം, ആരോഗ്യ സംവിധാനം എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.
Read more: തിരുന്നാവായ സ്റ്റേഷൻ എത്തുന്നതിന് തൊട്ടുമുമ്പ് വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്
അതേസമയം, സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കരുതലും കൈത്താങ്ങും കോട്ടയം താലൂക്ക്തല അദാലത്ത് മേയ് രണ്ടിന് രാവിലെ 10 മുതൽ നടക്കും. അദാലത്ത് സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എം.പിമാരായ തോമസ് ചാഴികാടൻ, ആന്റോ ആന്റണി, ജോസ് കെ. മാണി, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഉമ്മൻ ചാണ്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, കോട്ടയം നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ഏറ്റുമാനൂർ നഗരസഭാ അധ്യക്ഷ ലൗലി ജോർജ്, കോട്ടയം നഗരസഭാംഗം സിൻസി പാറയിൽ എന്നിവർ പങ്കെടുക്കും. ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ സ്വാഗതവും റവന്യു ഡിവിഷണൽ ഓഫീസർ വിനോദ് രാജ് നന്ദിയും പറയും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam