തട്ടിക്കൊണ്ട് പോകല്‍ ഒളിച്ചോട്ടമായി; ആശങ്കയുടെ പകലിന് സിനിമയെ വെല്ലുന്ന ക്ലൈമാക്സ്

By Web TeamFirst Published Aug 31, 2018, 6:19 PM IST
Highlights

ഒരു നാടിനെയും പോലീസിനെയും മുൾമുനയിൽ നിർത്തി ഭർതൃമതിയായ യുവതിയുടെ ഒളിച്ചോട്ടം. ചിറ്റാരിക്കൽ പോലീസ്സ്റ്റേഷൻ പരിധിയിലെ വെള്ളടുക്കത്തു വെള്ളിയാഴ്ച രാവിലെ പത്തുമണിമുതലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ബൈക്ക് മെക്കാനിക്കായ വെള്ളടുക്കത്തെ മനുവിന്റെ ഭാര്യ മീനു(22) മകൻ സായി കൃഷണ(3) എന്നിവരെ വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് കാറിലെത്തിയ അക്രമിസംഘം തട്ടിക്കൊണ്ടുപോയി എന്നാണ് ചിറ്റാരിക്കാൽ പൊലീസിന് കിട്ടിയ പരാതി.

കാസർകോട് : ഒരു നാടിനെയും പോലീസിനെയും മുൾമുനയിൽ നിർത്തി ഭർതൃമതിയായ യുവതിയുടെ ഒളിച്ചോട്ടം. ചിറ്റാരിക്കൽ പോലീസ്സ്റ്റേഷൻ പരിധിയിലെ വെള്ളടുക്കത്തു വെള്ളിയാഴ്ച രാവിലെ പത്തുമണിമുതലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ബൈക്ക് മെക്കാനിക്കായ വെള്ളടുക്കത്തെ മനുവിന്റെ ഭാര്യ മീനു(22) മകൻ സായി കൃഷണ(3) എന്നിവരെ വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് കാറിലെത്തിയ അക്രമിസംഘം തട്ടിക്കൊണ്ടുപോയി എന്നാണ് ചിറ്റാരിക്കാൽ പൊലീസിന് കിട്ടിയ പരാതി.

വിവരം അറിഞ്ഞയുടന്‍ പോലീസ് സ്ഥലത്തെത്തി. മനുവിന്റെ വീട്ടിലെ കാഴ്ച ആരിലും ആശങ്ക സൃഷ്ടിക്കുന്നതായിരുന്നു. ഭക്ഷണവും വസ്ത്രവും വലിച്ചുവാരിയിട്ട നിലയിലായിരുന്നു. കഴുത്തില്‍ മുറിവേറ്റ് ചോര ഒലിക്കുന്ന നിലയില്‍ മീനുവിന്റെ ചിത്രം ഭര്‍ത്താവിന് ലഭിക്കുകയും ചെയ്തത് അന്വേഷണ സംഘത്തിനും ആശയക്കുഴപ്പമുണ്ടാക്കി. രാവിലെ പത്തുമണിയോടെയാണ് കാറിലെത്തിയ ചിലര്‍ തന്നെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്നതായി അറിയിച്ച് മീനു ഭര്‍ത്താവിനെ വിളിച്ചത്. കൂടുതല്‍ ചോദിക്കുന്നതിന് മുന്‍പ് ഫോണ്‍ കട്ട് ആവുകയും ചെയ്തതോടെയാണ് ഭര്‍ത്താവ് വിവരം പൊലീസില്‍ അറിയിച്ചത്. 

എന്നാല്‍ മുറിയില്‍ കണ്ടെത്തിയ ചുവന്ന പാടുകള്‍ രക്തമല്ലെന്നും യുവതിയുടെ കഴുത്തില്‍ കണ്ട മുറിവ് പരിക്കേറ്റാല്‍ ഉണ്ടാവുന്ന മുറിവല്ലെന്നും പൊലീസ് കണ്ടെത്തിയതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ചോരപ്പാടുകൾ കാണിക്കാനായി കുങ്കുമം വെള്ളത്തിൽ കലക്കി വീട്ടിലെ മുറിക്കുള്ളിൽ തളിച്ച മീനു കുറച്ചു കുങ്കുമം കൊണ്ട് കഴുത്തിൽ കത്തികൊണ്ടുള്ള മുറിപ്പാടും സൃഷ്ടിക്കുകയായിരുന്നു. ഈ ഫോട്ടോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത് പൊലീസിനെ കുറച്ചൊന്നുമല്ല ചുറ്റിച്ചത്. 

കണ്ണൂരിൽ നിന്നും ഡോഗ്സ്‌കോഡും ഫോറൻസിക് വിദഗ്‌ധരും സംഭവസ്ഥലത്തുപരിശോധന നടത്തിയതോടെയാണ് വീട്ടിലെ മുറിയിൽ കാണപ്പെട്ടത് രക്തമല്ല  കുങ്കുമമാണെന്നു കണ്ടെത്തിയത്. ഭര്‍ത്താവിന് ലഭിച്ച ഫോട്ടോയിലെ തട്ടിപ്പും തെളിഞ്ഞതോടെ പൊലീസ് മീനുവിന് വേണ്ടിയുള്ള തിരിച്ചില്‍ ഊര്‍ജ്ജിതമാക്കുകയായിരുന്നു. നീനുവും കാമുകനും യാത്ര ചെയ്ത കാർ പയ്യന്നൂർ റെയിൽവെസ്റ്റേഷനിൽ വെച്ച് പോലീസ് കണ്ടെത്തി. ഇത് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഇവർ കോഴിക്കോട്ടേക്കുള്ള ഇന്റ്റർ സിറ്റിയിൽ യാത്ര ചെയ്യുന്നുണ്ടെന്ന് പൊലീസിന് വിവരം കിട്ടുകയും മീനുവിനെയും ബിനുവിനെയും കുഞ്ഞിനേയും കോഴിക്കോട് നിന്ന് പോലീസ് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ...

മനുവിന്റെ ഭാര്യ മീനുവിന് ചെറുപുഴ പ്രാപൊയിലിലെ ബിനു എന്ന യുവാവുമായി അടുപ്പമുണ്ടായിരുന്നു. ഇവർ തമ്മിൽ  ഫോണില്‍ എന്നും ബന്ധപെടാറുണ്ട്. ഇവരുടെ അടുപ്പം ഒളിച്ചോട്ടത്തിലെത്തൂകയായിരുന്നു. മൂന്ന് വയസുള്ള കുഞ്ഞുമായി മറ്റൊരാളുടെ കൂടെ ഒളിച്ചോടി എന്ന പേര് ദോഷം ഒഴിവാക്കാൻ വേണ്ടിയാണ്‌ മീനു തട്ടി കൊണ്ട്പോകൽ എന്ന വിദ്യ സ്വീകരിച്ചത്. വീട്ടിൽ പിടിവലി നടന്നു എന്നുകാണിക്കാൻ വസ്ത്രങ്ങളും ഭക്ഷണവും വാരി വലിച്ചിട്ടത് യുവതിയാണ്. കോട്ടയം സ്വദേശിനിയായ മീനുവും മനുവും തമ്മില്‍ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വിവാഹത്തിനു ശേഷം മീനു ചെറുപുഴയിലെ ഒരു കടയില്‍ ജോലിക്ക് നിന്നിരുന്നു. ഇവിടെ വെചാണ് പ്രാപൊയിലിലെ ബിനുവുമായി മീനു അടുപ്പത്തിലായത്. ഇതറിഞ്ഞ മനു മീനു  ജോലിക്ക് പോകുന്നത് ഭര്‍ത്താവ് വിലക്കിയിരുന്നു. 

പോലീസ് കസ്റ്റഡിയിലുള്ളവരെ കോടതിയിൽ ഹാജരാക്കും.തുടർ നടപടികൾ ഉണ്ടാകുമെന്നും പോലീസിനെയും നാട്ടുകാരെയും കമ്പളിപ്പിച്ചതിനു മീനുവിന്റെ പേരിൽ കേസെടുക്കുമെന്നും ഡി.വൈ.എസ്.പി.പി.കെ.സുധാകരൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു. ജില്ലാപോലീസ് ചീഫ് ഡോ.എ.ശ്രീനിവാസ്, ഡി.വൈ.എസ്.പി.മാരായ.പി.കെ.സുധാകരൻ, പി.ബാലകൃഷ്‌ണൻ നായർ, വെള്ളരിക്കുണ്ട് സി.ഐ.എം.സുനിൽകുമാർ, എസ്.ഐ.മാരായ.രഞ്ജിത് രവീന്ദ്രൻ, പി.പ്രമോദ് തുടങ്ങിയവർ സംഭവസ്ഥലത്തു എത്തിയിരുന്നു.
 

click me!