ഗൂഗിളിന് താലൂക്കാശുപത്രി, സർക്കാറിന് സിഎച്ച്സി; എന്നാല്‍ പ്രവർത്തനത്തിന് പിഎച്ച്സി പോലുമില്ലാത്ത ഒരു സര്‍ക്കാര്‍ ആശുപത്രി

By Web TeamFirst Published Apr 1, 2019, 8:54 PM IST
Highlights


ദിനം തോറും നാന്നൂറോളം പേരാണ് ഇവിടെ ഓപിയിൽ എത്തുന്നത്. എന്നാൽ ജീവനക്കാരുടെ അഭാവം ഇവിടെയെത്തുന്ന രോഗികളെയും  കൂട്ടിനെത്തുന്നവരെയും ഏറെ വലയ്ക്കുന്നു. ഉച്ചക്കുശേഷമുള്ള ഡോക്ടറുടെ കുറവും,  ഒപി സമയങ്ങളിൽ ചീട്ടെഴുതുന്നതിനും  ഫർമസിയിലും ഉള്ള ജീവനക്കാരുടെ കുറവുമാണ് ബുദ്ധിമുട്ടുണ്ടാക്കുന്നത്.

കാട്ടാക്കട: കാട്ടാക്കട സർക്കാർ ആശുപത്രിയെ 'ഗൂഗിൾ ' താലൂക്ക് ആശുപത്രിയുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്. സർക്കാർ കണക്കിൽ ഇത് സിഎച്ച്സിയാണ്. എന്നാൽ ഇവിടെ പിഎച്ച്സിയുടെ സൌകാര്യം പോലുമൊരുക്കാൻ തയാറാകാതെ  അധികൃതർ ആശുപത്രിയെ അവഗണിക്കുകയാണ്. ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന് ആവശ്യമുന്നയിച്ച് വലത് - ഇടത് - ബിജെപി പക്ഷങ്ങള്‍  മാറി മാറി സമരങ്ങൾ നടത്തി.  എന്നാല്‍ ഇടതു സർക്കാർ അധികാരത്തിലേറിയപ്പോൾ താലൂക്ക് ആശുപത്രി മലയിൻകീഴിലേക്ക് പോയി. അതെ സമയം ഈ  ആശുപത്രിക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളെങ്കിലും ഒരുക്കണമെന്ന ആവശ്യം പോലും പരിഗണിക്കാൻ  അധികൃതർ തയാറാകുന്നില്ല. 

ദിനം തോറും നാന്നൂറോളം പേരാണ് ഇവിടെ ഓപിയിൽ എത്തുന്നത്. എന്നാൽ ജീവനക്കാരുടെ അഭാവം ഇവിടെയെത്തുന്ന രോഗികളെയും  കൂട്ടിനെത്തുന്നവരെയും ഏറെ വലയ്ക്കുന്നു. ഉച്ചക്കുശേഷമുള്ള ഡോക്ടറുടെ കുറവും,  ഒപി സമയങ്ങളിൽ ചീട്ടെഴുതുന്നതിനും  ഫർമസിയിലും ഉള്ള ജീവനക്കാരുടെ കുറവുമാണ് ബുദ്ധിമുട്ടുണ്ടാക്കുന്നത്. രാവിലെ ഒപിയിൽ  മെഡിക്കൽ ഓഫീസറെ കൂടാതെ രണ്ട് എൻആർഎച്ച്എം ഡോക്ടർമാരുടെയും സേവനം ഉണ്ടെങ്കിലും ഉച്ചക്ക് ശേഷവും രാത്രി സമയങ്ങളിലും പലപ്പോഴും ഡോക്ടറുടെ സേവനം ലഭിക്കില്ല. 

ഏഴു ഡോക്ടർമാരുടെ സേവനം വേണ്ടിടത്ത് മൂന്ന് പേരാണുള്ളത്. ഇവരാകട്ടെ രാവിലെ മുതൽ ഉച്ചവരെ ഒപിയിലെയും വാർഡിലെയും രോഗികളെ പരിശോധിച്ച് കഴിഞ്ഞാല്‍ മടങ്ങും. ഇതോടെ ഉച്ച മുതൽ പിറ്റേന്ന് പുലർച്ചെവരെ ഇവിടെ ഡോക്ടമാരില്ല.  ഈ സമയങ്ങളിൽ രോഗികളെത്തിയാൽ സ്വകാര്യ ആശുപത്രികളെയോ അല്ലെങ്കിൽ കിലോമീറ്ററുകൾ താണ്ടി മറ്റ് സർക്കാർ ആശുപത്രിയെയോ ആശ്രയിക്കണം. 

ചീട്ടെടുക്കാന്‍ കൗണ്ടറിലും കുറിപ്പടിയുമായി  ഫർമസിയിലും മണിക്കൂറുകൾ കാത്തു നിൽക്കണം. ചീട്ടെഴുതാനും ഫർമസിയിലും ആവശ്യമായ ജീവനക്കാരുടെ കുറവുണ്ട്. രാവിലെ എട്ടു മണിയോടെ തന്നെ തുടങ്ങുന്ന വരിയിൽ എത്ര ആള് കൂടിയാലും ചീട്ടെഴുതാൻ ഒരാൾ മാത്രമാണ് ഉള്ളത്. മൂന്നു പേരുടെയെങ്കിലും  സേവനം ആവശ്യമുള്ളിടത്ത് ഒരു ജീവനക്കാരി മാത്രമാണ് ഉള്ളത്. ഫർമസിയുടെ മുന്നിലെ അവസ്ഥയും വിഭിന്നമല്ല. 

രോഗികള്‍ക്ക് വിശ്രമിക്കാന്‍ ആവശ്യമായ കസേര പോലും ഇല്ല. ഏതെങ്കിലും കാരണത്താൽ ഫർമസിസ്റ്റ് ലീവാണെങ്കില്‍ മരുന്നുകൾ നൽകാൻ സാധികാത്ത അവസ്ഥയാണ്. സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ കാട്ടാക്കട പിസിഎച്ച്സിയ്ക്ക് ആവശ്യമായ സൗകര്യം ഒരുക്കി പ്രശ്ന പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. 

click me!