കട്ടിപ്പാറ വെറ്ററിനറി ഡിസ്പന്‍സറി ഐഎസ്ഒ അം​ഗീകാര നിറവില്‍

By Web TeamFirst Published Feb 28, 2020, 1:12 PM IST
Highlights

2018 ല്‍ കട്ടിപ്പാറ പഞ്ചായത്തിന് ഐ എസ് ഒ അംഗീകാരം ലഭിച്ചതിനെ തുടര്‍ന്ന് എല്ലാ ഘടക സ്ഥാപനങ്ങളും ഇതേ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ഗ്രാമപഞ്ചായത്ത് തീരുമാനിച്ചതിന്റെ ഫലമായാണ് ഈ നേട്ടം. 

കോഴിക്കോട്: ജില്ലയിലെ ആദ്യത്തെ ഐ എസ് ഒ വെറ്ററിനറി ഡിസ്പെൻസറി എന്ന അംഗീകാരം കട്ടിപ്പാറ വെറ്റിറനറി ഡിസ്പന്‍സറിക്ക്. പ്രദേശവാസികൾക്ക് തൃപ്തികരവും കാലതാമസമില്ലാത്തതുമായ സേവനം നല്‍കുന്നത് പരിഗണിച്ചാണ് ഈ അംഗീകാരം ലഭിച്ചത്. 1982ല്‍ അന്നത്തെ കൃഷി വകുപ്പ് മന്ത്രിയായ സിറിയക് ജോണാണ് മലയോര മേഖലയില്‍ ആശുപത്രി കൊണ്ടുവന്നത്. കട്ടിപ്പാറ ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഐഎസ്ഒ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് വേണ്ടി 7 ലക്ഷം രൂപ വകയിരുത്തിയിരുന്നു. 2018 ല്‍ കട്ടിപ്പാറ പഞ്ചായത്തിന് ഐ എസ് ഒ അംഗീകാരം ലഭിച്ചതിനെ തുടര്‍ന്ന് എല്ലാ ഘടക സ്ഥാപനങ്ങളും ഇതേ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ഗ്രാമപഞ്ചായത്ത് തീരുമാനിച്ചതിന്റെ ഫലമായാണ് ഈ നേട്ടം. പഞ്ചായത്തിന് കിട്ടുന്ന രണ്ടാമത്തെ അംഗീകാരം കൂടിയാണ് ഇത്. 

പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍, വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട്, സ്റ്റാന്റിങ്ങ് കമ്മറ്റി അംഗങ്ങളായ പി.സി തോമസ്, ബേബി ബാബു, വെറ്ററിനറി സര്‍ജന്‍ ഡോ.സി.കെ ഷാജിബ് എന്നിവരുടെ പ്രവര്‍ത്തനഫലമായാണ് ഈ മികവിലേക്ക് എത്താന്‍ സാധിച്ചത്. ഐ.എസ്.ഒ അംഗീകാരം നേടുന്ന സംസ്ഥാനത്തെ 7-ാമത്തെ ഡിസ്പന്‍സറിയാണ് കട്ടിപ്പാറ വെറ്ററിനറി ഡിസ്പന്‍സറി. ആശുപത്രിയിലെ മൃഗപരിപാലന മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങളുടെയും സര്‍ക്കാര്‍ സേവനങ്ങളുടെയും ഓഫീസ് സംവിധാനത്തിന്റെയും പ്രവര്‍ത്തനം കാര്യക്ഷമവും മെച്ചപ്പെട്ടതും ആണെന്ന് ഇത് സംബന്ധിച്ച് പരിശോധന നടത്തിയ സംഘം വിലയിരുത്തി. ഹൈദരാബാദ് ആസ്ഥാനമായ ടാറ്റയുടെ ടി ക്യൂ സെര്‍വീസസ് ആണ് പരിശോധന നടത്തിയത്. 

മൃഗസംരക്ഷണ വകുപ്പിന്റെ മാതൃകാ പഞ്ചായത്ത് പദ്ധതി, സ്വീകാര്‍ മറ്റ് വകുപ്പ് തല പദ്ധതികള്‍, പഞ്ചായത്ത് പദ്ധതികള്‍, സംരംഭകത്വ പദ്ധതികള്‍, രോഗചികിത്സ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനനങ്ങള്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു. വിവിധ പദ്ധതികളിലൂടെ കഴിഞ്ഞ 2 വര്‍ഷം കൊണ്ട് പാൽ, മുട്ടയുല്‍പ്പാദന രംഗത്ത് വലിയ വളര്‍ച്ച കാഴ്ചവച്ച ഗ്രാമ പഞ്ചായത്തില്‍ കര്‍ഷകര്‍ക്ക് മികച്ച സേവനം നല്‍കാന്‍ ആശുപത്രി ജീവനക്കാര്‍ സദാസന്നദ്ധരാണ്. വെറ്ററിനറി സര്‍ജന്‍, ലൈവ് സ്റ്റോക് ഇന്‍സ്പക്ടര്‍, അറ്റന്‍ഡന്റ്, പി.ടി.എസ് എന്നിവരാണ് ഇവിടെ നിലവിലുള്ളത്.

click me!