കോഴിക്കോട്: ജന്മനാടിനെക്കുറിച്ച് കവിയും എഴുത്തുകാരനുമായ കേശവൻ കാവുന്തറ തയ്യാറാക്കിയ ‘കാവുന്തറയുടെ ചരിത്രം’ എന്ന പുസ്തകം കവിയും ഗാനരചയിതാവുമായ പി.കെ. ഗോപി പ്രകാശനം ചെയ്തു. ഒരു പ്രദേശത്തിന്റെ ചരിത്രത്തെയും സാംസ്കാരിക പ്രവർത്തനങ്ങളെയും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെയും വരും തലമുറകൾക്ക് ദേശത്തെ മനസ്സിലാക്കാൻ ഈ പുസ്തകം വഴികാട്ടിയാകുമെന്ന് അദ്ദേഹം പുസ്തകപ്രകാശനവേളയിൽ പറഞ്ഞു.
കാവുന്തറ എ.യു.പി സ്കൂൾ മാനേജർ എം. ഉണ്ണികൃഷ്ണൻ നായർ പുസ്തകം ഏറ്റുവാങ്ങി. കാവുന്തറ എ.യു.പി സ്കൂളിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കവിയും അധ്യാപകനുമായ ചന്ദ്രൻ പെരേച്ചി പുസ്തകാവലോകനം നടത്തി. അധ്യാപക-രക്ഷാകർത്തൃസമിതി പ്രസിഡന്റ് പി.കെ. റാഷിദ് അധ്യക്ഷനായിരുന്നു. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരൻ, സി.കെ. ബാലകൃഷ്ണൻ, ടി. പത്മനാഭൻ എന്നിവരും ചടങ്ങിൽ സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ എം. സജു സ്വാഗതവും എസ്.എൽ. കിഷോർകുമാർ നന്ദിയും പറഞ്ഞു.