
ആലപ്പുഴ: കായംകുളം നഗരസഭാ യോഗത്തിനിടെ നടന്നകയ്യാങ്കളിക്ക് ശേഷം കുഴഞ്ഞുവീണ സിപിഎം കൗൺസിലർ മരിച്ചു. എരുവ വാർഡ് കൗൺസിലർ വി. എസ് അജയനാണ് മരിച്ചത്. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അജയൻവ്യാഴാഴ്ച പുലർച്ചെയാണ് അന്തരിച്ചത്. ബുധനാഴ്ച നഗരസഭയുടെ സെൻട്രൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സ്ഥലം ഏറ്റെടുക്കുന്നത് തീരുമാനിക്കാൻ ചേർന്ന കൗൺസിൽ യോഗമായിരുന്നു കയ്യാങ്കളിയിൽ കലാശിച്ചത്.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാമിലാ അനിമോൻയു.ഡി.എഫ്. പാർലമെന്ററി പാർട്ടി നേതാവിനെതിരെ പരാമർശം നടത്തിയതോടെയാണ് ബഹളം ആരംഭിച്ചത്. ബഹളത്തിനിടയിൽ യു.ഡി.എഫ്. അംഗം ഷാനവാസിനു നേരേയുണ്ടായ കയ്യേറ്റ ശ്രമത്തോടെയാണ് കയ്യാങ്കളി തുടങ്ങിയത്. സംഭവത്തിൽ അജയനു പുറമേ എൽ.ഡി.എഫിലെ വൈസ് ചെയർപേഴ്സൺ ആർ.ഗിരിജ, അബ്ദുൾമനാഫ്, ജലീൽ എസ്.പെരുമ്പളത്ത്, കെ.കെ.അനിൽകുമാർ, പി.ശശികല യു.ഡി.എഫിലെ ഷാനവാസ്, ഷീജാ നാസർ എന്നിവർക്കും പരിക്കേറ്റിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കായംകുളത്ത് യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ സമാധാനപരമായി പുരോഗമിക്കുകയാണ്. ഉച്ചയ്ക്ക 12 മണിയോടെ നഗരസഭാ കാര്യാലയത്തിൽ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. രണ്ട് മണിയോടെ വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam