എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് ഏഴ് കൊല്ലം കഴിഞ്ഞു; പോറോഡുകാര്‍ക്ക് റോഡിലേക്ക് ഇറങ്ങാന്‍ ഇന്നും വഴിയില്ല

Published : Dec 20, 2022, 02:37 PM IST
എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് ഏഴ് കൊല്ലം കഴിഞ്ഞു; പോറോഡുകാര്‍ക്ക് റോഡിലേക്ക് ഇറങ്ങാന്‍ ഇന്നും വഴിയില്ല

Synopsis

നാട്ടുകാര്‍ സമരം ശക്തമാക്കുമ്പോള്‍, എല്ലാം ശരിയാക്കാമെന്ന് പറഞ്ഞെത്തുന്ന അധികൃതര്‍ സമരം നിര്‍ത്തുന്നതോടെ പിന്നെ അതുവഴി വരാതാകും. 


തിരുവനന്തപുരം: ഏഴ്വര്‍ഷം മുമ്പ് പാലം പണി ആരംഭിച്ചപ്പോള്‍ മുതല്‍ സര്‍വ്വീസ് റോഡിന് വേണ്ടി മുറവിളി കൂട്ടുന്നതാണ് കഴക്കൂട്ടം - കാരോട് ബൈപ്പാസിലെ കോവളം പോറോഡ് പ്രദേശത്തുള്ളവര്‍. നാട്ടുകാര്‍ സമരം ശക്തമാക്കുമ്പോള്‍, എല്ലാം ശരിയാക്കാമെന്ന് പറഞ്ഞെത്തുന്ന അധികൃതര്‍ സമരം നിര്‍ത്തുന്നതോടെ പിന്നെ അതുവഴി വരാതാകും. ഒടുവില്‍ വര്‍ഷം ഏഴ് കഴിഞ്ഞിട്ടും ഇന്നും സര്‍വ്വീസ് റോഡില്ലാത്തതിനാല്‍ വലിയ യാത്രാ ദുരിതത്തിലാണ് നാട്ടുകാര്‍. സര്‍വ്വീസ് റോഡ് ഇല്ലാത്തതിനാല്‍ ഇപ്പോള്‍ സമീപത്തെ സർക്കാർ ആശുപത്രിയിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും കിലോമീറ്റർ ചുറ്റി പോകേണ്ട ഗതികേടിലാണ് പ്രദേശവാസികൾ. പ്രധാന റോഡിന് വേണ്ടി പാലം വന്നതോടെ പോറോഡ് നിവാസികളുടെ യാത്രയാണ് ദുരിതത്തിലായത്. 

കോവളത്ത് നിന്നാരംഭിക്കുന്ന സർവീസ് റോഡും കല്ലുവെട്ടാൻ കുഴിയിൽ നിന്നുള്ള സർവീസ് റോഡും പോറോഡാണ് അവസാനിക്കുന്നത്. ഈ റോഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കാനുള്ള പാലം നിർമ്മിക്കാതെയാണ് സർവീസ് റോഡ് നിർമ്മിച്ചിരിക്കുന്നത്. സര്‍വ്വീസ് റോഡിന് പാലമില്ലാത്തതിനാല്‍ താത്കാലികമായി പ്രധാന റോഡിലേക്ക് പ്രവേശിക്കാനുള്ള സംവിധാനം അധികൃതര്‍ ഒരുക്കി. എന്നാല്‍, ഇപ്പോള്‍ ഇത് കൂറ്റന്‍ കോണ്‍ക്രീറ്റ് പാളികള്‍വച്ച് അടച്ച നിലയിലാണ്. ഇതോടെ വീണ്ടും യാത്രാ ദുരിതത്തിലായത് പ്രദേശവാസികള്‍. ദേശീയ പാതയോടൊപ്പം സര്‍വ്വീസ് റോഡുകള്‍ക്കും പാലവേണമെന്നിരിക്കെയാണ്. പോറോഡുകാരുടെ വഴി അടച്ച് കൊണ്ടുള്ള അധികൃതരുടെ നടപടി. 

ഇരുവശങ്ങളും തമ്മില്‍ ബന്ധിപ്പിച്ചിട്ടില്ലെന്ന് അറിയാതെ സർവീസ് റോഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു. ശശി തരൂർ എം.പി ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ച് സർവീസ് റോഡുകൾ ബന്ധിപ്പിക്കാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയെങ്കിലും നടപടിയായില്ല. ഏകദേശം 200 മീറ്ററോളം നീളമുള്ളതാണ് പ്രധാന റോഡിലെ പാലം. ഇനി സർവീസ് റോഡ് ബന്ധിപ്പിക്കണമെങ്കില്‍ ഇത്രയും നീളത്തിൽ 20 മീറ്ററോളം ഉയർത്തി പ്രധാന പാലത്തിന് ഇരുവശത്തും സമാനമായി രണ്ട് പാലങ്ങൾ നിർമ്മിക്കേണ്ട അവസ്ഥയാണ്. ഇതിന് പുറമെ കോവളം മുതൽ ആരംഭിക്കുന്ന റോഡിൽ തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാണെന്നും നാട്ടുകാർ പറയുന്നു. ഇതിനെല്ലാം പുറമെ പുറമേ നിന്ന് കൊണ്ടുവരുന്ന മാലിന്യം ഇവിടെ തള്ളുന്നതും പതിവാണെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീട്ടുമുറ്റത്ത് നിന്ന് കാൽവഴുതി വീണത് 30 അടി താഴ്ചയുള്ള കിണറ്റിൽ; രക്ഷിക്കാൻ ഇറങ്ങിയ യുവാവും കുടുങ്ങി; രണ്ട് പേരെയും രക്ഷിച്ചു
റോഡ് മുറിച്ചു കടക്കുന്നതിനിടെ ചരക്ക് വാഹനം ഇടിച്ചു; വിമുക്ത ഭടനായ വയോധികൻ മരിച്ചു