
കുന്നംകുളം: അഞ്ഞൂരിൽ വാഹന പരിശോധനയ്ക്കിടെ അരക്കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ ആർത്താറ്റ് സ്വദേശി മുണ്ടന്തറ വീട്ടിൽ 29 വയസ്സുള്ള സതീശനെ കുന്നംകുളം റെയിഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വാഹന പരിശോധനയ്ക്കിടെ സംശയം തോന്നി ഇയാളുടെ വാഹനത്തിൽ നടത്തിയ പരിശോധനയിലാണ് അരക്കിലോ കഞ്ചാവ് പിടികൂടിയത്.
തൃശ്ശൂർ എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം കുന്നംകുളം അഞ്ഞൂരിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് കഞ്ചാവുമായി പ്രതിയെയും വാഹനവും എക്സൈസ് സംഘം പിടികൂടിയത്. സംഭവത്തിൽ പ്രതിയോടൊപ്പമുണ്ടായിരുന്ന ഷൈജു എന്ന വ്യക്തി ഓടിരക്ഷപ്പെട്ടതായി എക്സൈസ് സംഘം അറിയിച്ചു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശിവശങ്കരൻ, പ്രിവന്റിവ് ഓഫീസർമാരായ എ സി ജോസഫ്, സിദ്ധാർത്ഥൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ലത്തീഫ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ അരുണ, നിവ്യ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ തൃശൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത കോഴിക്കോട് സ്വദേശികളായ യുവതിയും യുവാവും തൃശൂരിൽ 72 ലിറ്റർ വിദേശ മദ്യവുമായി പിടിയിലായി എന്നതാണ്. ഇരിങ്ങാലക്കുട എക്സൈസാണ് ഇവരെ 72 ലിറ്റർ വിദേശ മദ്യമായി പിടികൂടിയത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മാഹിയില്‍ നിന്നും കാറില്‍ കടത്തി കൊണ്ട് വന്നിരുന്ന വിദേശ മദ്യം പിടികൂടിയത്. കൊടകര ആളൂര്‍ റോഡില്‍ പാലത്തിന് സമീപത്ത് നിന്നും വ്യാഴാഴ്ച്ച രാവിലെയാണ് എക്സൈസ് ഇവരെ പിടികൂടിയത്. കോഴിക്കോട് സ്വദേശികളായ മാലാപറമ്പ് പാറപ്പുറത്ത് വീട്ടില്‍ ഡാനിയല്‍ (40), കുറ്റിച്ചിറ സ്വദേശിനി വലിയകത്ത് വീട്ടില്‍ സാഹിന (45) എന്നിവരെയാണ് പിടികൂടിയത്. പരിശോധനകള്‍ ഒഴിവാക്കുവാനായി ദമ്പതികള്‍ എന്ന് തോന്നിക്കുന്ന രീതിയിലായിരുന്നു ഇവരുടെ യാത്ര. 9 കെയ്സുകളിലായാണ് 72 ലിറ്ററോളം മൂന്ന് ബ്രാന്റുകളിലായുള്ള മദ്യം കണ്ടെത്തിയത്. മദ്യം കടത്താന്‍ ഉപയോഗിച്ചിരുന്ന ടൊയോട്ട എത്തിയോസ് എന്ന കാറും എക്സൈസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.ഇരിങ്ങാലക്കുട എക്സൈസ് ഓഫീസില്‍ എത്തിച്ച പ്രതികളുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരോട് ആത്മഹത്യ ഭീഷണിയും സ്ത്രി മുഴക്കിയിരുന്നു.പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലവും എവിടെയ്ക്കാണ് മദ്യം എത്തിച്ചിരുന്നതെന്നും ഉള്‍പ്പെടെയുള്ളവ ചോദ്യം ചെയ്ത് വരുകയാണെന്ന് തൃശൂര്‍ അസി. എക്‌സൈസ് കമ്മീഷണര്‍ സതീഷ് കുമാര്‍ പി കെ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam