മത്സ്യക്ഷാമം രൂക്ഷം; മത്തിയും അയലയും കിട്ടാക്കനി വില കുത്തനെ കൂടി

By Web TeamFirst Published May 7, 2019, 6:30 AM IST
Highlights

ഒരു കുട്ട മത്തിക്ക് 4000 രൂപയാണ് നിലവിലെ വില. നേരത്തെ ഇത് 1800 ആയിരുന്നു. 4000 രൂപയുണ്ടായിരുന്ന അയലയിപ്പോള്‍ 8000 രൂപയായി. 

കൊല്ലം: സംസ്ഥാനത്ത് മത്സ്യ ലഭ്യത കുത്തനെ കുറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് സമുദ്രോപരിതലത്തിലെ താപനില കൂടിയതിനാലാണ് മീന്‍ ലഭിക്കാത്തതെന്ന് വിദഗ്ധര്‍ പറയുന്നു. മലയാളിയ്ക്ക് ഏറെ പ്രിയമുള്ള മത്തിയും അയലയും കിട്ടാക്കനിയായി. കിഴക്കൻ തീരങ്ങളിലെ ട്രോളിങ്  നിരോധനവും വില കൂടാൻ കാരണമായി. ലഭ്യത കുറഞ്ഞതോടെ വില ഇരട്ടിയായി ഉയര്‍ന്നു. മത്തിക്കും അയലക്കുമാണ് ഏറെ ഡിമാന്‍റ്. ഇവ വളരെ കുറച്ചേ തുറമുഖങ്ങളിലേക്കെത്തുന്നുള്ളൂ. എത്തിയാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വിറ്റ് തീരും. ഒരു കുട്ട മത്തിക്ക് 4000 രൂപയാണ് നിലവിലെ വില. നേരത്തെ ഇത് 1800 ആയിരുന്നു. 4000 രൂപയുണ്ടായിരുന്ന അയലയിപ്പോള്‍ 8000 രൂപയായി. കൊഴുചാള 6000 കിളിമീൻ 2000 എന്നിങ്ങനെയാണ് വില. അന്തരീക്ഷ താപനില വ്യത്യാസമില്ലാതെ തുടരുന്നത് വെല്ലുവിളിയാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

തമിഴ്നാട്, ആന്ധ്രാ, ബംഗാള്‍, ഒറീസ എന്നിവിടങ്ങളില്‍ ട്രോളിംഗ് നിരോധനമാണ്. പടിഞ്ഞാറൻ തീരങ്ങളിലാകട്ടെ മത്സ്യ ക്ഷാമമാണ്. അടുത്ത മാസത്തോടെ അന്തരീക്ഷ താപ നില കുറഞ്ഞാല്‍ കൂടുതല്‍ ബോട്ടുകളും വള്ളങ്ങളും കടലിലേക്ക് പോകുമെന്നാണ് ഫിഷറീസ് അധികൃതര് പറയുന്നത്. ക്ഷാമം മുതലടെക്കാൻ പഴകിയ മത്സ്യങ്ങള്‍ വിപണയിലെത്താൻ സാധ്യതയുള്ളതിനാല്‍ അതിര്‍ത്തി ചെക്പോസ്റ്റുകള്‍ കര്‍ശന നിരീക്ഷണത്തിലാണ്.

click me!