
കോഴിക്കോട്: പേരാമ്പ്രയില്‍ റഗുലേറ്റഡ് മാര്‍ക്കറ്റിനായി ഏറ്റെടുത്ത 1.36 ഏക്കര്‍ ഭൂമി ഉടമകള്‍ക്ക് തിരികെ നല്‍കാനുള്ള 2003 ലെ ഉത്തരവ് റദ്ദാക്കിയും ഭൂമിയുടെ അവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയും റവന്യൂ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. മലബാര്‍ റഗുലേറ്റഡ് മാര്‍ക്കറ്റിംഗ് കമ്മറ്റിക്കു വേണ്ടി 1958 ലാണ് പേരാമ്പ്ര മേഞ്ഞാണ്യം വില്ലേജിലെ സര്‍വെ നമ്പര്‍ 84/243ല്‍ ഉള്‍പ്പെട്ട ഭൂമി ഏറ്റെടുത്തത്.
റഗുലേറ്റഡ് മാര്‍ക്കറ്റ് പദ്ധതി ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ഭൂമി സര്‍ക്കാരിലേക്ക് വകയിരുത്തുന്നതിനു പകരം ഉടമകള്‍ക്ക് തന്നെ തിരിച്ചുനല്‍കി 2003 ല്‍ അന്നത്തെ സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഭൂമി തിരിച്ചുനല്‍കാനുള്ള 2003ലെ ഉത്തരവ് റദ്ദാക്കിയും ഭൂമിയുടെ അവകാശം റവന്യൂ വകുപ്പില്‍ തന്നെ നിക്ഷിപ്തമാക്കിയും ഉത്തരവ് പുറപ്പെടുവിച്ചത്.
ഭൂമി ഏറ്റെടുത്ത് കൈയേറ്റങ്ങള്‍ ഒന്നുമില്ലാതെ സംരക്ഷിക്കാന്‍ ജില്ലാ കലക്ടര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
സര്‍ക്കാര്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ ചൊവ്വാഴ്ച ഭൂമി ഏറ്റെടുത്തു. പേരാമ്പ്ര ടൗണിന്‍റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഭൂമിയാണ് അന്യാധീനപ്പെട്ടുപോകാതെ സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയത്. പേരാമ്പ്ര എംഎല്‍എയും തൊഴിലും നൈപുണ്യവും എക്സൈസും വകുപ്പ് മന്ത്രിയുമായ ടി പി രാമകൃഷ്ണന്‍റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam