കൈക്കൂലി 86000 രൂപ! ദേശീയപാതാ നഷ്ടപരിഹാരം നൽകാൻ പണം വാങ്ങിയ ക്ലർക്ക് വിജിലൻസ് പിടിയിൽ

Published : Oct 12, 2023, 04:50 PM ISTUpdated : Oct 12, 2023, 09:54 PM IST
കൈക്കൂലി 86000 രൂപ! ദേശീയപാതാ നഷ്ടപരിഹാരം നൽകാൻ പണം വാങ്ങിയ ക്ലർക്ക് വിജിലൻസ് പിടിയിൽ

Synopsis

വിജിലൻസ് സംഘം സമീപത്തുള്ളത് അറിയാതെ കൈക്കൂലി വാങ്ങിയ ടോമിയെ ഉദ്യോഗസ്ഥർ ഉടനടി കസ്റ്റഡിയിലെടുക്കുകയായിരുന്നു

കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ സർക്കാർ ഉദ്യോഗസ്ഥൻ പിടിയിലായി. കൊയിലാണ്ടി ദേശീയ പാത വികസന വിഭാഗം തഹസിൽദാരുടെ ഓഫീസിലെ ക്ലർക്ക് പിഡി ടോമിയാണ് പിടിയിലായത്. അടിവാരം സ്വദേശിയാണ് ഇയാൾ. ദേശീയപാതാ വികസനത്തിനായി സ്ഥലം വിട്ടുനൽകിയ വ്യക്തിക്ക് നഷ്ടപരിഹാരത്തുക നൽകുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. 86000 രൂപയാണ് കൈക്കൂലിയായി വാങ്ങിയത്.

ഇയാളിൽ നിന്നും പതിനാറായിരം രൂപയും എഴുപതിനായിരം രൂപയുടെ ചെക്കും കണ്ടെത്തി.  ദേശീയ പാത നിർമ്മാണത്തിന്റെ ഭാഗമായി നിരവധി പേർക്ക് കൊയിലാണ്ടിയിൽ ഭൂമിയും വീടും നഷ്ടമായിരുന്നു. ഇവർക്ക് നഷ്ടപരിഹാരം വാങ്ങി നൽകാം എന്ന പേരിലാണ് കൈക്കൂലി വാങ്ങിയത്. 286000 രൂപ പാസാക്കി നൽകാനാണ് പണം ആവശ്യപ്പെട്ടത്. ടോമിക്കെതിരെ മുമ്പും കൈക്കൂലി ആരോണം ഉയർന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് പിടിയിലാകുന്നത്.

ക്ലർക്ക് കൈക്കൂലി ആവശ്യപ്പെട്ട കാര്യം പരാതിക്കാരൻ വിജിലൻസിനെ അറിയിക്കുകയായിരുന്നു. വിജിലൻസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഇന്ന് പരാതിക്കാരൻ ടോമിക്ക് പണം നൽകാനെത്തിയത്. വിജിലൻസ് സംഘം സമീപത്തുള്ളത് അറിയാതെ കൈക്കൂലി വാങ്ങിയ ടോമിയെ ഉദ്യോഗസ്ഥർ ഉടനടി കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

സംസ്ഥാനത്ത് സമീപകാലത്ത് കൈക്കൂലി കേസിൽ നിരവധി അറസ്റ്റുകളാണ് നടന്നത്. എന്നിട്ടും കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥർ പതിവ് പോലെ ഇത് തുടരുന്നത് സാധാരണക്കാർക്ക് സൃഷ്ടിക്കുന്ന പ്രയാസം ചെറുതല്ല. വീടിന് നമ്പറിടുന്നതിന് മുതൽ വീട് നഷ്ടമായതിന്റെ നഷ്ടപരിഹാരം കിട്ടാൻ വരെ ലക്ഷങ്ങൾ വരെ ഉദ്യോഗസ്ഥന് കൈക്കൂലിയായി നൽകേണ്ട സ്ഥിതിയാണ്.

സമാനമായ കേസിൽ തൃശ്ശൂർ വിജിലൻസ് കോടതി പാലക്കാട് ‌അമ്പലപ്പാറ പഞ്ചായത്തിലെ മുൻ സെക്രട്ടറി എൻആർ രവീന്ദ്രനെ ശിക്ഷിച്ചിരുന്നു. ഒരു വർഷം കഠിന തടവും ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. 2011 ൽ ഹംസ എന്ന വ്യക്തിക്ക് ബിൽഡിങ് പെർമിറ്റ് നൽകാൻ 5000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് ശിക്ഷ. ഹംസ വിവരമറിയിച്ച് പാലക്കാട് വിജിലൻസ് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൈക്കൂലി വാങ്ങുന്നതിനിടെ രവീന്ദ്രനെ പിടികൂടിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ; കെട്ടിപ്പിടിച്ച് അഭിഭാഷകർ, കോടതി വളപ്പിലും ദിലീപിന്റെ വീട്ടിലും മധുര വിതരണം
`കള്ളക്കഥ കോടതിയിൽ തകർന്നു'; കേസിൽ നടന്ന യഥാർത്ഥ ​ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ്, മഞ്ജു വാര്യരുടെ പേരെടുത്ത് പറഞ്ഞും പരമാര്‍ശം