സംസ്ഥാനത്തെ ആദ്യ ഗോത്ര ഗ്രാമം പദ്ധതി വയനാട്ടില്‍; പൂര്‍ത്തിയാകുന്നത് 108 വീടുകള്‍

Web Desk   | Asianet News
Published : Jan 06, 2022, 06:44 AM IST
സംസ്ഥാനത്തെ ആദ്യ ഗോത്ര ഗ്രാമം പദ്ധതി വയനാട്ടില്‍; പൂര്‍ത്തിയാകുന്നത് 108 വീടുകള്‍

Synopsis

ഒരേക്കര്‍ കളിസ്ഥലം, ചികിത്സാ സൗകര്യാര്‍ഥം ഹെല്‍ത്ത് സബ്‌സെന്റര്‍, കമ്യൂണിറ്റി ഹാള്‍ എന്നിവയ്ക്കായും ശുപാര്‍ശ നല്‍കിയിട്ടുണ്ട്. 

കല്‍പ്പറ്റ: സംസ്ഥാനത്തെ ആദ്യ ഗോത്ര ഗ്രാമം വയനാട്ടില്‍ ഒരുങ്ങുന്നു. തൃക്കൈപ്പറ്റ പരൂര്‍ക്കുന്നില്‍ ആദ്യഘട്ടത്തിലുള്ള 108 വീടുകളുടെ നിര്‍മാണപ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ഇതില്‍ തന്നെ പത്ത് വീടുകളുടെ പണി അന്തിമ ഘട്ടത്തിലുമാണ്. കാരാപ്പുഴയോട് ചേര്‍ന്ന് കിടക്കുന്ന 23 ഏക്കര്‍ നിക്ഷിപ്ത വനഭൂമിയാണ് ഗോത്രഗ്രാമത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. 

രണ്ട് ഘട്ടങ്ങളിലായി 230 ആദിവാസി കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കുന്നതാണ് പദ്ധതി. ആറ് ലക്ഷം രൂപ ചിലവില്‍ 510 ചതുരശ്രയടി വിസ്തീര്‍ണമുള്ളതാണ് ഓരോ വീടും. ഓരോ കുടുംബങ്ങള്‍ക്കും പത്ത് സെന്റ് സ്ഥലമാണ് അനുവദിച്ചിട്ടുള്ളത്. ആദിവാസി വികസന-പുനരധിവാസ പദ്ധതിക്ക് കീഴിലാണ് ഗോത്ര ഗ്രാമത്തിന്റെ പ്രവൃത്തികള്‍ക്കുള്ള തുക കണ്ടെത്തിയിരിക്കുന്നത്.

ഹാള്‍, സിറ്റൗട്ട്, അടുക്കള, രണ്ട് കിടപ്പുമുറി, ശുചിമുറി എന്നീ സൗകര്യങ്ങളോടെ പത്ത് വീടുകളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. കാരാപ്പുഴ പദ്ധതിപ്രദേശത്തോട് ചേര്‍ന്ന സ്ഥലങ്ങളായതിനാല്‍ മലിനീകരണ പ്രശ്‌നങ്ങള്‍ മുന്നില്‍ക്കണ്ട് റെഡിമെയ്ഡ് സെപ്റ്റിക് ടാങ്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ജില്ലാ മണ്ണ് സംരക്ഷണവകുപ്പിനാണ് നിര്‍മാണച്ചുമതല. കഴിഞ്ഞ നവംബറിലാണ് വീടുകളുടെ നിര്‍മാണം തുടങ്ങിയത്. പണിയ, കാട്ടുനായ്ക്ക കുടുംബങ്ങള്‍ക്കാണ് വീടനുവദിച്ചിരിക്കുന്നത്. ആദിവാസി വിഭാഗങ്ങളില്‍ തന്നെ തീര്‍ത്തും പിന്നാക്കം നില്‍ക്കുന്ന ഭൂരഹിതരുടെ പട്ടികയില്‍നിന്ന് നറുക്കെടുത്താണ് ഗുണഭോക്താക്കളെ കണ്ടെത്തിയതെന്ന് ട്രൈബല്‍ ഓഫീസര്‍ ജംഷീദ് പറഞ്ഞു. 

വീടുകളെല്ലാം പൂര്‍ത്തിയാകുന്നതോടെ പദ്ധതിപ്രദേശത്ത് മികച്ച രീതിയില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും പദ്ധതിയുണ്ട്. വൈദ്യുതിക്ക് പുറമെ കുടിവെള്ള സ്രോതസ്സുകള്‍ ഗ്രാമത്തില്‍ തന്നെ ഒരുക്കും. എല്ലാ വീടുകളിലേക്കും വാഹനങ്ങളെത്തുന്ന രീതിയില്‍ റോഡുകള്‍ സജ്ജമാക്കും. 

ഒരേക്കര്‍ കളിസ്ഥലം, ചികിത്സാ സൗകര്യാര്‍ഥം ഹെല്‍ത്ത് സബ്‌സെന്റര്‍, കമ്യൂണിറ്റി ഹാള്‍ എന്നിവയ്ക്കായും ശുപാര്‍ശ നല്‍കിയിട്ടുണ്ട്. കുടുംബങ്ങളുടെ ഉപജീവനമാര്‍ഗം ഉറപ്പാക്കാന്‍ സ്വയംതൊഴില്‍ പദ്ധതികള്‍, അടുക്കളത്തോട്ടങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ പദ്ധതികളും വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ നടപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു. പത്ത് വീടുകളുടെ നിര്‍മാണം മാര്‍ച്ച് മാസത്തോടെ തീര്‍ക്കും. ഇവയുടെ താക്കോല്‍ കൈമാറ്റം മുഖ്യമന്ത്രിയായിരിക്കും നിര്‍വഹിക്കുക.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോഴിക്കോട് മെഡിക്കൽ കോളേജിലെ ലാബിനകത്ത് സംശയാസ്പദമായി കണ്ടു, സെക്യൂരിറ്റികൾ തടഞ്ഞുവച്ച് പൊലീസിനെ വിളിച്ചു; കോപ്പർ മോഷണം കയ്യോടെ പിടിയിലായി
'ഇത് സാമ്പിൾ വെടിക്കെട്ട് മാത്രം', രക്തസാക്ഷി ഫണ്ട് തട്ടിപ്പിനെതിരായ പ്രതിഷേധത്തിലെ അതിക്രമത്തിന് പിന്നാലെ സിപിഎം ഏരിയ സെക്രട്ടറിയുടെ ഭീഷണി